തിരുവനനന്തപുരം- തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിന് അയച്ച കത്ത് ഊഹാപോഹമാണെന്ന് കെ.സി ജോസഫ്. കത്തിലെ ഉള്ളടക്കം കത്ത് കിട്ടിയ ആള്‍ക്കും അതെഴുതിയ ആള്‍ക്കും മാത്രമേ അറിയു. അതെല്ലാം അടഞ്ഞ അധ്യായമാണ്. കത്ത് കിട്ടയവരും എഴുതിയവരും തമ്മില്‍ അക്കാര്യം തീരുമാനിക്കട്ടെയെന്നും എ ഗ്രൂപ്പ് നേതാവായ കെ.സി ജോസഫ് പരിഹസിച്ചു.
ഉമ്മന്‍ചാണ്ടിയെ വിമര്‍ശിച്ച് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചത് സംബന്ധിച്ച വിവാദങ്ങളില്‍ ചെന്നിത്തല ഇതുവരെ പ്രതികരിക്കാത്ത സാഹചര്യത്തില്‍ കൂടിയാണ് കെ.സി ജോസഫിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് സമയത്ത് ഇടയ്ക്ക് കയറിവന്ന പുതുമുഖമല്ല ഉമ്മന്‍ചാണ്ടി. എല്ലാ ഘട്ടത്തിലും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും കെസി ജോസഫ് വ്യക്തമാക്കി. ഭൂരിപക്ഷ വോട്ടുകള്‍ കുറഞ്ഞതല്ല കോണ്‍ഗ്രസിന്റെ പരാജയ കാരണമെന്നും കെ.സി വ്യക്തമാക്കി. പ്രതീക്ഷിച്ചപോലെ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിച്ചിട്ടില്ല. ചില മേഖലകളില്‍ വോട്ടുകള്‍ ചോര്‍ന്നു. അതിന്റെ കാരണം കോണ്‍ഗ്രസ് പഠിക്കും- കെ.സി ജോസഫ് പറഞ്ഞു.