കല്‍പറ്റ-വയനാട്ടില്‍ ആദ്യമായി മാനന്തവാടി സ്വദേശിയില്‍ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. നഗരസഭാപരിധിയില്‍ താമസിക്കുന്ന 65കാരനിലാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പരിശോധനയില്‍ രോഗം കണ്ടെത്തിയത്.
മേയ് ഒമ്പതിനു ഇദ്ദേഹത്തില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നിരീക്ഷണത്തില്‍ കഴിയുന്നിനിടെ കടുത്ത തലവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നു 19നു വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറ്റേന്നു പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും അവശതമൂലം ചികിത്സയില്‍ തുടര്‍ന്നു. 21നു തലവേദനയും ഇടതു കണ്ണിനു അസ്വസ്ഥതയും അനുഭവപ്പെട്ടു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കണ്ണിന്റെ തടിപ്പു വര്‍ധിച്ചു. മൂക്കില്‍ക്കൂടി രക്തസ്രാവവും ഉണ്ടായി. ഈ സാഹചര്യത്തിലാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കി. രോഗി സുഖംപ്രാപിച്ചുവരുന്നായി ബന്ധുക്കള്‍ പറഞ്ഞു.