തൃശ്ശൂർ- വാടാനപ്പള്ളി തൃത്തല്ലൂരിൽ കോവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. തൃത്തല്ലൂർ ബീച്ച് വ്യാസനഗറിലെ ബി.ജെ.പി പ്രവർത്തകനായ കണ്ടംചക്കി കിരണി(27)നാണ് കുത്തേറ്റത്. കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകളുടെ പേരിൽ ബി.ജെ.പി പ്രവർത്തകിടയിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. തൃത്തല്ലൂർ ഏഴാംകല്ലിലെയും ബീച്ച് വ്യാസനഗറിലെയും പ്രവർത്തകർ തമ്മിലാണ് കുഴൽപ്പണ കേസിന്റെ പേരിൽ തർക്കമുണ്ടായിരുന്നത്.
കുഴൽപ്പണ കേസിൽ ഏഴാംകല്ലിലുള്ള ബി.ജെ.പി ജില്ലാ നേതാവിനും പഞ്ചായത്ത് അംഗത്തിനും ബന്ധമുണ്ടെന്നായിരുന്നു ബീച്ചിലെ പ്രവർത്തകരുടെ ആരോപണം. ഇതിനെച്ചൊല്ലി ഇരുവിഭാഗങ്ങളും തമ്മിൽ സാമൂഹികമാധ്യമങ്ങളിൽ വാക്‌പോര് നടക്കുകയും ചെയ്തു.