കൊച്ചി- എറണാകുളം ഹാർബർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.യെ കാണാനില്ലെന്ന് പരാതി. എ.എസ്.ഐ. ഉത്തംകുമാറിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകാനായി ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്നാണ് എ.എസ്.ഐ.യുടെ ഭാര്യ പരാതി നൽകിയിരിക്കുന്നത്. തുടർച്ചയായി ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സി.ഐ. കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്. എന്നാൽ സ്റ്റേഷനിൽ എത്തിയില്ല. വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്നാണ് ഭാര്യ ഇന്നലെ പരാതി നൽകിയത്. സി.ഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ പറയുന്നു.
തുടർച്ചയായി മൂന്നു ദിവസം ഡ്യൂട്ടിക്ക് വരാതിരുന്നതിനെ തുടർന്നാണ് എ.എസ് ഐക്ക് മെമ്മോ നൽകിയതെന്ന് സി.ഐ പറയുന്നു. ലക്ഷദ്വീപ് അഡ്മിനസ്‌ട്രേറ്റർ ഓഫീസിലായിരുന്നു ഉത്തംകുമാറിന് ഡ്യൂട്ടി. പോലീസ് സ്‌റ്റേഷന് വളരെ അടുത്താണ് ഇദ്ദേഹത്തിന്റെ വീട്. വൈകി എത്തിയതിന് രണ്ടു ദിവസം ഇദ്ദേഹം കാരണം ബോധിപ്പിച്ചിരുന്നു.വ്യാഴാഴ്ച വൈകിയെത്തിയത് ചോദ്യം ചെയ്തപ്പോൾ കാരണം പോലും പറയാതെ സ്റ്റേഷനിൽ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. ഇതേത്തുടർന്നാണ് മെമ്മോ നൽകിയത്. കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകിയാൽ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂവെന്ന് സി.ഐ പറയുന്നു. ഭാര്യയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ഉത്തംകുമാറിന്റെ ഫോൺ സ്വിച്ച് ഓഫാണ്.