റിയാദ് - ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ യാത്രകള്‍ക്ക് കൊറോണയുമായി ബന്ധപ്പെട്ട ഔദ്യോഗിക ആപ്പുകള്‍ അംഗീകരിക്കാന്‍ ഗള്‍ഫ് ആരോഗ്യ മന്ത്രിമാരുടെ തീരുമാനം. ഈ ആപ്പുകളെ ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ വഴി ഓരോ ഗള്‍ഫ് രാജ്യത്തെയും ബന്ധപ്പെട്ട വകുപ്പുകളുമായി ഇലക്‌ട്രോണിക് ഇന്റഗ്രേഷന്‍ ലെയറില്‍ (പ്ലാറ്റ്‌ഫോം) ബന്ധിപ്പിക്കാനും ആരോഗ്യ മന്ത്രിമാരുടെ യോഗം തീരുമാനിച്ചു. വാക്‌സിനുകളുടെ ഉപയോഗത്തിനുള്ള ഗള്‍ഫ് ഗൈഡ് ആരോഗ്യ മന്ത്രിമാര്‍ അംഗീകരിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ വൈറസിന്റെ ജനിതക ശ്രേണിയെ കുറിച്ച് പഠനം നടത്താന്‍ അനുമതി നല്‍കിയ മന്ത്രിമാര്‍ ഇതിനുള്ള ബജറ്റും അംഗീകരിച്ചു.
ബഹ്‌റൈന്‍ ആരോഗ്യ മന്ത്രി ഫായിഖ ബിന്‍ സഈദ് അല്‍സ്വാലിഹിന്റെ അധ്യക്ഷതയിലാണ് റിയാദില്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് ആരോഗ്യ മന്ത്രിമാര്‍ ഇന്നലെ യോഗം ചേര്‍ന്നത്. ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫും യോഗത്തില്‍ സംബന്ധിച്ചു. ജി.സി.സി രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തുന്ന ശ്രമങ്ങളെയും കൊറോണ മഹാമാരി നേരിടാന്‍ അവര്‍ സമര്‍പ്പണത്തോടെ നടത്തുന്ന ഫീല്‍ഡ് സേവനത്തെയും ഗള്‍ഫില്‍ വാക്‌സിന്‍ വിതരണ ശ്രമങ്ങളെയും ആരോഗ്യ മന്ത്രിമാര്‍ പ്രശംസിച്ചു.