Sorry, you need to enable JavaScript to visit this website.

ഞാനങ്ങിനെ പറഞ്ഞിട്ടില്ല-എം.ടി വാസുദേവൻ നായർ

കോഴിക്കോട്- തന്റെ പേരിൽ നടക്കുന്നത് വ്യാജപ്രചാരണമാണെന്ന് എം.ടി വാസുദേവൻ നായർ. സഹചര്യത്തിൽനിന്ന് ചില വാക്കുകൾ അടർത്തിയെടുത്താണ് പ്രചരിപ്പിക്കുന്നതെന്നും എം.ടി പറഞ്ഞു. ചെമ്മാട് ദാറുൽ ഹുദയുടെ അനുബന്ധ സ്ഥാപനത്തിൽ നടക്കുന്ന സാഹിത്യക്യാമ്പിൽ തന്നെ കാര്യദർശിയായി തെരഞ്ഞെടുത്തത് തന്റെ അനുമതിയോടെ അല്ലെന്നും എം.ടി വ്യക്തമാക്കി. 
'എനിക്കു യാതൊരു ബന്ധവുമില്ലാത്ത ഒരു ക്യാമ്പിൽ പങ്കെടുത്തയാളുകൾക്ക് കൊടുക്കുന്ന സർട്ടിഫിക്കറ്റിൽ ഞാൻ ഒപ്പിടണമെന്ന് ഒരു കൂട്ടം വിദ്യാർത്ഥികൾ വന്നു ആവശ്യപ്പെട്ടു. തനിക്ക് ബന്ധമില്ലാത്ത ഒരു ക്യാമ്പിൽ ഒപ്പിട്ടാലുണ്ടാകുന്ന ഭവിഷ്യത്ത് ഓർമിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും എം.ടി പറഞ്ഞു. എം.ടി വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയാണ് ഒരു വിഭാഗം രംഗത്തുവന്നത്. 
എം.ടി വിരുദ്ധ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

പ്രമുഖ സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞത്.

അവസാന വെളിച്ചം കൂടി കുത്തിക്കെടുത്താതിരിക്കുക.

ശീനാരായണ ഗുരു,ഉറൂബ്, ബഷീർ, പൊൻകുന്നം വർക്കി ,എം.ടി, മാധവിക്കുട്ടി, ടി.പത്മനാഭൻ ,എം.എൻ.വിജയൻ മാഷ് ,തുടങ്ങിയവരൊക്കെ സൃഷ്ടിച്ച മതേതരമായ അന്തരീക്ഷത്തിന്റെ അവസാന ശോഭയിലാണ് നാം ജീവിക്കുന്നത്. മൈക്ക് കെട്ടി തൊള്ളയിൽ തോന്നിയതൊക്കെ വിളിച്ചു പറയുന്ന തലയിൽ കെട്ടുവേഷക്കാരല്ല അതുണ്ടാക്കിയത്.ഉള്ള വെളിച്ചം കൂടി പൊട്ടക്കളത്തിലെ പുളവൻ ഫണീന്ദ്രന്മാരായ ഈ നികൃഷ്ടജീവികളെല്ലാം കൂടി ഊതിക്കെടുത്താൻ നോക്കിയിട്ടേ ഉള്ളൂ. ആത്മീയ വിദ്യാഭ്യാസത്തിന്റെ കൂടെ കുറച്ച് മര്യാദയും അവിടെയുള്ള സ്വയം വൈസ് ചാൻസലർമാരും ഉസ്താദുമാരും പഠിപ്പിച്ചു കൊടുക്കണം.

പ്രമുഖ ബ്ലോഗർ ബഷീർ വള്ളിക്കുന്നിന്റെ പോസ്റ്റ്:

എം ടി യെ ഏതാനും വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നു, അദ്ദേഹം ക്ഷണം നിരസിക്കുന്നു. അദ്ദേഹത്തോട് ഒരു സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ പറയുന്നു, അദ്ദേഹം ഒപ്പിടുന്നില്ല.

ആരോഗ്യ പ്രശ്‌നങ്ങളുള്ള വളരെ പ്രായം ചെന്ന ഒരു മനുഷ്യൻ. ഒരു മാസത്തിൽ നൂറുകണക്കിന് പരിപാടികളിലേക്ക് ക്ഷണിക്കപ്പെടുന്ന ഒരു വലിയ വ്യക്തിത്വം. അടുത്ത സുഹൃത്തുക്കളുടേയും എഴുത്തുകാരുടെയുമൊക്കെ നിർബന്ധം സഹിക്കവയ്യാതാകുമ്പോൾ മാത്രം അത്യപൂർവം പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾ. അങ്ങനെയുള്ള ഒരാൾ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചാൽ അതാണ് വാർത്ത. ഒപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. ആരെങ്കിലും കൊണ്ട് പോയി കൊടുക്കുന്ന എല്ലാ കടലാസിലും മുന്നും പിന്നും നോക്കാതെ ഒപ്പിട്ട് കൊടുക്കേണ്ട ഒരാളല്ല എം ടി.

പിന്നെ എം ടി പറഞ്ഞുവെന്ന് പറയുന്ന ആ വാചകങ്ങൾ. അത് അതേ രൂപത്തിൽ അതേ ശൈലിയിൽ എം ടി പറഞ്ഞുവെന്ന് വിശ്വസിക്കാൻ ഇച്ചിരി പ്രയാസമുണ്ട് മക്കളെ. അത് മറ്റൊന്നുകൊണ്ടുമല്ല, എം ടി യേയും എം ടി യുടെ എഴുത്തിനേയും അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാടുകളേയും ഏഴ് പതിറ്റാണ്ടിലധികമായി മലയാള മണ്ണിന് അറിയുന്നത് കൊണ്ടാണ്. ഏതോ ഒരു വിദ്യാർത്ഥിയുടെ പൊടിപ്പും തൊങ്ങലും ചേർത്ത ഒരു എഫ് ബി പോസ്റ്റ് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ തത്ക്കാലം വയ്യ. ഒപ്പിടാൻ നിരന്തരം ആവശ്യപ്പെട്ടപ്പോൾ അല്പം ദേഷ്യത്തോടെ വല്ലതും പറഞ്ഞിട്ടുണ്ടാകാം. അതിനെയൊക്കെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റിലെടുത്ത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള നിലപാടുകളെ റദ്ദ് ചെയ്ത് സംഘി മുദ്ര പതിപ്പിച്ചു കൊടുക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ. ഈ മണ്ണിനെ ഒരു ഭ്രാന്താലയമാക്കരുത്.

വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുന്ന അപൂർവ്വം വിളക്കുകളേ നമുക്ക് ചുറ്റിലുമുള്ളൂ.. അവ കൂടി തച്ചു കെടുത്തിയാൽ പിന്നെ വരാനുള്ളത് കൂരിരുട്ട് മാത്രമാണ്.
 

Latest News