Sorry, you need to enable JavaScript to visit this website.

കെ. സുരേന്ദ്രന്റെ ഹെലികോപ്ടറില്‍ കോടികള്‍  കടത്തിയെന്ന്  പരാതി

തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഗ് സീറോയായിപ്പോയ ബി.ജെ.പിയ്ക്ക് ബാക്കിയാവുന്നത് കുറെ നാണക്കേടും ആരോപണങ്ങളും. കൊടകര കള്ളപ്പണ കേസ് ബിജെപി ഉന്നത നേതാക്കളിലേയ്ക്ക് നീളുന്നതിനിടെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ഹെലികോപ്ടര്‍ യാത്രയും പണം കടത്തുമായി ബന്ധമെന്ന് പരാതി. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
റോഡിലെ പരിശോധന ഒഴിവാക്കാന്‍ പണം കടത്താന്‍ സുരേന്ദ്രന്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഉപയോഗിച്ചു എന്ന് പരാതിയില്‍ പറയുന്നു. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. മാഷുടെ കൈയില്‍ കുറച്ച് പണം വന്നിട്ടുണ്ട്. അതില്‍ നിന്നും എനിക്ക് കുറച്ചു പൈസ വേണം. അത് പുണ്യ പ്രവര്‍ത്തിക്കല്ല. 25 ലക്ഷം രൂപ വാങ്ങിത്തരണം' ശോഭാ സുരേന്ദ്രന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നത്.
ശോഭാ സുരേന്ദ്രന്റെ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള ഓഡിയോ ക്ലിപ്പ് സംബന്ധിച്ച് നേരത്തെ തന്നെ ഐസക് വര്‍ഗീസ് പരാതി നല്‍കിയിരുന്നു.കൊടകര കള്ളപ്പണ കേസുമായി ഇതിന് ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് പുതിയ പരാതിയിലെ ആവശ്യം. സര്‍ക്കാര്‍ അന്വേഷണം വൈകിപ്പിച്ചാല്‍ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയില്‍ ദുരൂഹത ആരോപിച്ച് യൂത്ത് കോണ്‍ഗ്രസും രംഗത്തുവന്നു. ശക്തമായ വാഹന പരിശോധന നടക്കുന്ന തെരഞ്ഞെടുപ്പ് കാലത്ത് വാഹനത്തിലൂടെ കോടികള്‍ കൈമാറിയെങ്കില്‍ സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്രയും വിശദമായി അന്വേഷിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. കൊടകര കുഴല്‍പണ കേസിലെ ബിജെപി ബന്ധത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാഹുല്‍ ഇത്തരമൊരു ആരോപണം ഉയര്‍ത്തുന്നത്. കെ സുരേന്ദ്രന്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നത് പോലും ഹെലികോപ്റ്റര്‍ യാത്രയെ സാധൂകരിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് രാഹുല്‍ സംശയം പ്രകടിപ്പിച്ചു. ഇക്കാര്യത്തില്‍ സുരേന്ദ്രനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയ്യാറാവണന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഉത്തരേന്ത്യന്‍ മോഡലില്‍ ആയിരുന്നു സുരേന്ദ്രന്‍ മഞ്ചേശ്വരത്തും കോന്നിയിലും ഒരുമിച്ചു മത്സരിച്ചത്. രണ്ടിടത്തും എട്ടു നിലയില്‍ പൊട്ടി. പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാനത്തു എല്ലായിടത്തും എത്താനായി ഹെലികോപ്ടര്‍ അനുവദിച്ചത്.അതേസമയം, കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വം പ്രതിസന്ധിയിലായിരിക്കുകയാണ്. കുഴല്‍പ്പണ കവര്‍ച്ചാ സംഘത്തിന് തൃശ്ശൂരില്‍ താമസ സൗകര്യമൊരുക്കി നല്‍കിയത് തൃശ്ശൂര്‍ ജില്ലാ നേതൃത്വമാണെന്ന് മുറി ബുക്ക് ചെയ്ത ഹോട്ടലിലെ ജീവനക്കാരന്‍ പോലീസിന് മൊഴി നല്‍കി. ഏപ്രില്‍ 2ന് വൈകീട്ട് ഹോട്ടല്‍ നാഷണല്‍ ടൂറിസ്റ്റ് ഹോമിലാണ് ഇവര്‍ക്ക് മുറി ബുക്ക് ചെയ്തത്. 215, 216 നമ്പര്‍ മുറികളാണ് ബുക്ക് ചെയ്തത്. 215 ാം നമ്പര്‍ മുറിയില്‍ ധര്‍മരാജനും 216ാം നമ്പര്‍ മുറിയില്‍ ഷംജീറും റഷീദും താമസിച്ചെന്നുമാണ് ഹോട്ടല്‍ ജീവനക്കാരന്റെ മൊഴി. ഏപ്രില്‍ മൂന്നിനു പുലര്‍ച്ചെയാണ് കൊടകരയില്‍ കുഴല്‍പ്പണ കവര്‍ച്ച നടന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണു പരാതി പോലീസിനു ലഭിച്ചതെങ്കിലും ഇതുവരെ ഒരു കോടിയിലേറെ രൂപ കണ്ടെടുത്തിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
 

Latest News