Sorry, you need to enable JavaScript to visit this website.

വിദേശ തൊഴിലാളികൾക്കുള്ള ലെവി: മുൻകൂറായി അടക്കേണ്ടി വരും

റിയാദ് - പുതിയ ലെവി പ്രാബല്യത്തിൽ വരുന്ന ജനുവരി ഒന്നിനു മുമ്പ് പുതിയ വർക്ക് പെർമിറ്റ് നേടുന്നവർക്കും വർക്ക് പെർമിറ്റ് പുതുക്കുന്നവർക്കും പുതിയ ലെവി ബാധകമായിരിക്കും. ജനുവരി ഒന്നിനു മുമ്പായി പുതിയ വർക്ക് പെർമിറ്റ് നേടുന്നവർക്കും വർക്ക് പെർമിറ്റ് പുതുക്കുന്നവർക്കും അടുത്ത വർഷം വർക്ക് പെർമിറ്റിൽ എത്ര കാലാവധിയാണോ ഉള്ളതെങ്കിൽ അത്രയും കാലത്തേക്ക് പുതിയ ലെവി അനുസരിച്ച അധിക തുകയാണ് അടക്കേണ്ടിവരിക. ഇത്തരക്കാർക്ക് ലെവി ഇനത്തിൽ അടക്കേണ്ട തുകയുടെ ബിൽ ഇഷ്യു ചെയ്ത കാര്യം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സ്ഥാപനങ്ങളെ ഉണർത്തും. ലെവി ഇനത്തിലുള്ള അധിക തുക 2018 ഏപ്രിൽ ഒന്നിനു മുമ്പായി അടക്കൽ നിർബന്ധമാണ്. അല്ലാത്ത പക്ഷം സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കും. 

വികലാംഗരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക ഇളവ് ലഭിക്കില്ലെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഒരു സൗദി വികലാംഗനെ ജോലിക്കു വെക്കുന്നത് നാലു സൗദികളെ ജോലിക്കു വെക്കുന്നതിന് തുല്യമായി സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്തിൽ പരിഗണിക്കുന്നുണ്ട്. ഇതനുസരിച്ച് വികലാംഗരെ ജോലിക്കു വെക്കുന്നവർക്ക് കുറഞ്ഞ എണ്ണം സൗദികൾക്ക് നിയമനം നൽകി തന്നെ നിതാഖാത്ത് പ്രകാരമുള്ള സൗദിവൽക്കരണ അനുപാതം പാലിക്കുന്നതിന് സാധിക്കും. വികലാംഗർക്ക് ജോലി നൽകുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഈ ആനുകൂല്യം മന്ത്രാലയം നടപ്പാക്കുന്നത്. 
എന്നാൽ ഈ ആനുകൂല്യം വിദേശികൾക്കുള്ള ലെവി അടക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭിക്കില്ല. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളിൽ സൗദി ജീവനക്കാരുടെ എണ്ണത്തെക്കാൾ കൂടുതലുള്ള വിദേശികൾക്കു മാത്രമായിരുന്നു ലെവി ബാധകം. ജനുവരി ഒന്നു മുതൽ സ്വകാര്യ സ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമായിരിക്കും. എന്നാൽ സ്വദേശികളുടെ എണ്ണത്തെക്കാൾ കൂടുതലുള്ള വിദേശികൾക്ക് ഉയർന്ന ലെവിയും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് കുറഞ്ഞ ലെവിയും ആയിരിക്കും ബാധകം. സൗദികളുടെ എണ്ണത്തെക്കാൾ കൂടുതലുള്ള വിദേശികൾക്ക് അടുത്ത കൊല്ലം പ്രതിമാസം 400 റിയാലും സൗദികളുടെ എണ്ണത്തെക്കാൾ കുറവുള്ള വിദേശികൾക്ക് പ്രതിമാസം 300 റിയാലുമാണ് ലെവിയായി അടക്കേണ്ടിവരിക. 2019 ൽ ഇത് യഥാക്രമം 600, 500 റിയാൽ തോതിലും 2020 ൽ 800, 700 റിയാൽ തോതിലും ആയി ഉയരും. 

പാർട് ടൈം അടിസ്ഥാനത്തിൽ ജോലിക്കു വെക്കുന്ന സൗദി വിദ്യാർഥികളെ അര സൗദി തൊഴിലാളിക്ക് സമമായാണ് നിതാഖാത്തിൽ കണക്കാക്കുന്നത്. ഇതുപ്രകാരം നിതാഖാത്തിൽ ഒരു സൗദി തൊഴിലാളിയെ ജോലിക്കു വെച്ചതായി കണക്കാക്കുന്നതിന് രണ്ടു വിദ്യാർഥികളെ പാർട് ടൈം അടിസ്ഥാനത്തിൽ ജോലിക്കു വെക്കണം. എന്നാൽ പുതിയ ലെവി കണക്കാക്കുമ്പോൾ പാർട് ടൈം അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ പൂർണ സൗദി തൊഴിലാളിയെന്നോണം കണക്കാക്കും. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്ത് ഏറ്റവും ഒടുവിലത്തെ 26 ആഴ്ച ഗോസി വരിസംഖ്യ അടച്ച സൗദി ജീവനക്കാരുടെ ശരാശരി എണ്ണത്തിന്റെയും വിദേശ തൊഴിലാളികളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് ഓരോ സ്ഥാപനത്തിലെയും തൊഴിലാളികൾക്കുള്ള ലെവി കണക്കാക്കുക. 

Latest News