കവരത്തി- ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനും ജില്ലാ പഞ്ചായത്തും തുറന്ന പോരിലേക്ക്. അഡ്മിനിസ്‌ട്രേഷന് എതിരെ പ്രതിഷേധമറിയിച്ച് കവരത്തി പഞ്ചായത്ത് പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തും അഡ്മിനിസ്ട്രേഷനും തമ്മിലുളള പോര് കടുക്കുന്നത്. വകുപ്പ് സെക്രട്ടറി എ.ടി ദാമോദര്‍ അമിതാധികാരം ഉപയോഗിക്കുന്നു എന്നാരോപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അദ്ദേഹത്തിന് കത്തയച്ചു.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള അധികാരങ്ങള്‍ അഡ്മിനിസ്ട്രേഷന്‍ ഏറ്റെടുത്തത് ചട്ടവിരുദ്ധമാണെന്ന് കാണിച്ചാണ് കത്ത്. ജില്ലാ പഞ്ചായത്തിന് കീഴിലെ അധികാരങ്ങള്‍ ഏറ്റെടുക്കണമെങ്കില്‍ ഇക്കാര്യം കാണിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിന് കേന്ദ്രസര്‍ക്കാരിന്റെയും രാഷ്ട്രപതിയുടെയും അംഗീകാരം ലഭിക്കുകയും വേണമെന്ന് കത്തില്‍ പറയുന്നു. ഇതിന് മുമ്പ് വകുപ്പുകള്‍ ഏറ്റെടുത്ത് സെക്രട്ടറി ഉത്തരവുകളിറക്കുന്നത് ശരിയല്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ നിയമപരിഷ്‌കാരങ്ങളിലും കലക്ടര്‍ അസ്‌കറലിയുടെ പ്രസ്താവനകളിലും പ്രതിഷേധമറിയിച്ച് മൂന്ന് പ്രമേയങ്ങളാണ് ജില്ലാ പഞ്ചായത്ത് പാസാക്കിയത്. വികസന പദ്ധതികളും നിയമ പരിഷ്‌കാരങ്ങളും നടപ്പാക്കുമ്പോള്‍ പഞ്ചായത്തുകളോട് ആലോചിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
ഇതിനിടെ തീരപ്രദേശത്തെ സുരക്ഷ ലെവല്‍ രണ്ട് ആക്കി വര്‍ധിപ്പിച്ച് ലക്ഷദ്വീപ് ഡെവലപ്‌മെന്റ്് കോര്‍പ്പറേഷന്‍ ഉത്തരവിറക്കി. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് നടപടി. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ നിരീക്ഷിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ ആലോചിക്കുന്നത് തടയാനാണ് ശ്രമം.