അജ്മാന്‍- കോവിഡ് ബാധിച്ച് ക്വാറന്റീനില്‍ കഴിയുകയായിരുന്ന 42കാരനായ പ്രവാസി യുവാവ് ഭാര്യയുടെ കണ്‍മുന്നില്‍വച്ച് അജ്മാനിലെ അല്‍ റൗദ പാലത്തില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കോവിഡ് കാരണം ജോലി നഷ്ടമാകുമോ എന്ന ആശങ്കയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കപ്പെടുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ എത്തിയെങ്കിലും യുവാവിനെ രക്ഷിക്കാനായില്ല. അഞ്ചു ദിവസമായി ക്വാറന്റീനില്‍ കഴിയുകയായിരുന്നു യുവാവെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുന്ന ഏഷ്യക്കാരനാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
അഞ്ചു ദിവസമായി അപാര്‍ട്‌മെന്റില്‍ തന്നെ ക്വാറന്റീനില്‍ കഴിയുകയായിരുന്ന യുവാവ് ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായി ഭാര്യ പറഞ്ഞു. പുറത്തിറങ്ങരുതെന്ന് പറഞ്ഞെങ്കിലും ഇതു കേള്‍ക്കാതെ കാറെടുത്ത് തന്നെയും കൂട്ടി പുറപ്പെടുകയായിരുന്നു. അല്‍ റൗദ പാലത്തിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി യാത്ര പറഞ്ഞ് യുവാവി പുറത്തിറങ്ങി. പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്നതിനു മുമ്പ് കുട്ടികളെ നന്നായി നോക്കണമെന്നും ഭാര്യയോട് നിര്‍ദേശിച്ചു.
കോവിഡ് കാരണം കടുത്ത ഉല്‍കണ്ഠ യുവാവിന് ഉണ്ടായിരുന്നെന്നും മാനസികമായി കടുത്ത വിഷമത്തിലായിരുന്നെന്നും ഭാര്യ പോലീസിനോട് പറഞ്ഞു. എപ്പോഴും മരണത്തെ കുറിച്ചും ജോലി നഷ്ടപ്പെടുമോ എന്നും ആശങ്കപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു.