Sorry, you need to enable JavaScript to visit this website.

യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു, ഭര്‍ത്താവും രണ്ടു മക്കളും രക്ഷപ്പെട്ടു

അബുദബി- ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ കുടുംബസമേതം എത്തിയ മലയാളി വീട്ടമ്മ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. കോഴിക്കോട് ഒളവണ്ണ സ്വദേശി റഫ്‌സ മഅ്റൂഫ് (32) ആണ് മരിച്ചത്. കടലില്‍ മുങ്ങിയ നാലു വയസ്സുകാരി മകളെ ബീച്ചിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. റഫ്‌സയുടെ ഭര്‍ത്താവ് മഅ്റൂഫാണ് ആദ്യം കടലില്‍ ഇറങ്ങിയത്. ശേഷം എട്ടു വയസ്സുകാരൻ മകൻ അമിറും ഇറങ്ങി. പിന്നാലെ റഫ്‌സയും മകൾ റൈഹയും കടലില്‍ ഇറങ്ങി. ഇതിനിടെ തിരയില്‍പ്പെട്ട ഇവര്‍ക്ക് തിരികെ കയറാനായില്ല. മകന്‍ കരകയറിയെങ്കിലും റഫ്‌സയും മകളും പുറത്തെത്താനാകാതെ നിലവിളിച്ചു. ഇതിനിടെ മഅ്റൂഫ് ഒരു വിധം പുറത്തെത്തി നിലവിളിക്കുകയായിരുന്നു. ഇതുകേട്ട് ഓടിയെത്തിയ ബീച്ചിലുള്ളവരാണ് റഫ്‌സയേയും മകളേയും കരയിലെത്തിച്ചത്. സ്ഥലത്തെത്തി പോലീസ് എമര്‍ജന്‍സി റെസ്‌പോണ്‍സ് സംഘം ഇവരെ ഉടന്‍ ഉമ്മുല്‍ ഖുവൈന്‍ ആശുപത്രിയിലെത്തിച്ചു. ഇവിടെ ഐസിയുവില്‍ പ്രവേശിച്ചയുടന്‍ റഫ്‌സയുടെ മരണം സംഭവിച്ചു. കൂടെയുണ്ടായിരുന്ന നാലു വയസ്സുകാരി മകളുടെ നില മെച്ചപ്പെട്ടു. അപകടനില തരണം ചെയ്തതായി ആശുപത്രി അറിയിച്ചു.

സുരക്ഷാ മുന്‍കരുതലുകളോടെ മാത്രമെ കടലില്‍ ഇറങ്ങാവൂ എന്ന് പോലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ സാലിം അല്‍ ശംസി മുന്നറിയിപ്പു നല്‍കി. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാല്‍ മുങ്ങുന്നത് ഒഴിവാക്കാമെന്നും കുട്ടികളെ ശ്രദ്ധിക്കണമെന്ന് രക്ഷിതാക്കളോടും അദ്ദേഹം നിര്‍ദേശിച്ചു.

Latest News