തിരുവനന്തപുരം- കേരളത്തില്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും. ഒപ്പം ഇളവുകളും ലഭിച്ചേക്കുമെന്നാണ് സൂചന. ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും. ജൂണ്‍ 30 വരെ കോവിഡ് നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. രോഗസ്ഥിരീകരണ നിരക്ക് (ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്) 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരാനാണ് കേന്ദ്ര നിര്‍ദേശം. സംസ്ഥാനത്ത് നിലവില്‍ 16.4 ആണ് രോഗസ്ഥിരീകരണ നിരക്ക്. പുതിയ കേസുകളുടെ എണ്ണം ഗണ്യമായി കുറയാത്തതും കേന്ദ്ര നിര്‍ദേശവും മാനിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടാനാണ് സാധ്യത. ഏതാനും കച്ചവട സ്ഥാപനങ്ങള്‍ തുറക്കാനും പൊതുഗതാഗത്തിന് ഭാഗികമായും അനുമതി നല്‍കിയേക്കും.
ഇളവുകള്‍ വേണമെന്ന ആവശ്യം കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ചെറുകിട സംരഭകരില്‍ നിന്നും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ അധ്യയന വര്‍ഷം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുകയാണ്. സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ആയാണ് തുറക്കുന്നതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട് ബുക്ക്, പെന്‍, പെന്‍സില്‍ തുടങ്ങിയ പഠന സാമിഗ്രികള്‍ വാങ്ങാന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഇവ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ ഇന്ന് അനുമതി നല്‍കിയേക്കും.