കണ്ണൂർ- ദേശീയ തലത്തിൽ കത്തിനിൽക്കുന്ന ലക്ഷദ്വീപ് വിഷയത്തിൽ ദ്വീപിലെ സംഘടനാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിന് വീഴ്ച്ച സംഭവിച്ചതായി പരാതി. ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുല്ലക്കുട്ടിക്കാണ് ലക്ഷദ്വീപിലെ സംഘടനാ സംവിധാനത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. ദീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിച്ച് ബഹുഭൂരിപക്ഷം നേതാക്കളും രാജിവെച്ചതോടെ ദ്വീപിലെ സംഘടന അടിത്തറ ഇളകിയിരിക്കയാണ്. സംഘടനാ രംഗത്ത് അബ്ദുല്ലക്കുട്ടിക്ക് പരിചയസമ്പന്നത ഇല്ലാത്തതാണ് പ്രശ്‌ന പരിഹാരത്തിന്റെ സാധ്യത ഇല്ലാതാക്കിയതെന്നാണ് നിഗമനം. പൊതുപ്രവർത്തനത്തിൽ എസ്.എഫ്.ഐയുടെ ഭാരവാഹിത്വത്തിൽ പ്രവർത്തിച്ച പരിചയം മാത്രമാണ് അബ്ദുല്ലക്കുട്ടിക്കുള്ളത്. എസ്.എഫ്.ഐ നേതാവായിരിക്കെയാണ് അബ്ദുല്ലക്കുട്ടി, കണ്ണൂരിൽ നിന്നും പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് തുടർച്ചയായി പാർലമെന്ററി രംഗത്തു മാത്രമായിരുന്നു പരിചയം. സി.പി.എം വിട്ട് കോൺഗ്രസിലെത്തിയപ്പോഴും ജനപ്രതിനിധി മാത്രമായിരുന്നു. പിന്നീട് കോൺഗ്രസ് വിട്ട് മാസങ്ങളോളം രാഷ്ട്രീയ വനവാസത്തിൽ കഴിയുന്നതിനിടെയാണ് അപ്രതീക്ഷിതമായി ബി.ജെ.പി അംഗത്വം നേടുന്നതും ഏവരേയും ഞെട്ടിച്ച് നേരെ സംസ്ഥാന നേതൃത്വത്തിലേക്കും തുടർന്ന് ദേശീയ നേതൃത്വത്തിലേക്കും എത്തുന്നത്. ബൂത്തു തലത്തിൽ പോലും പ്രവർത്തകരേയും നേതാക്കളെയും കൈകാര്യം ചെയ്തുള്ള പരിചയമില്ലാതെയാണ് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് അബ്ദുല്ലക്കുട്ടി എത്തുന്നത്. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയുകയും തന്ത്രങ്ങൾ മെനയുന്നതിൽ മിടുക്കുകാട്ടുകയും ചെയ്യുന്ന ആളാണ് അബ്ദുല്ലക്കുട്ടി. എന്നാൽ ഇക്കാര്യത്തിലും ചുവടുപിഴക്കുന്നുവെന്ന സംശയം ഉയർന്നു കഴിഞ്ഞു. ഇക്കഴിഞ്ഞ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ മലപ്പുറത്തു മത്സരിച്ച അബ്ദുല്ലക്കുട്ടിക്ക് യാതൊരു ചലനവും സൃഷ്ടിക്കാനായില്ലെന്നാണ് യാഥാർഥ്യം. അദ്ദേഹം ദേശീയ ഉപാധ്യക്ഷനായിരിക്കെ, സ്വന്തം സംസ്ഥാനത്തെ ഏക എം.എൽ.എ പോലും നഷ്ടപ്പെടുകയും ചെയ്തു. തൊണ്ണൂറു ശതമാനത്തിലേറെ മുസ്ലിം ജനവിഭാഗം മാത്രമുള്ള ലക്ഷദ്വീപിൽ, സംഘടനക്കകത്തെ പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനാവുമെന്ന കണക്കു കൂട്ടലിലാണ് ഇതേ വിഭാഗത്തിലുള്ള അബ്ദുല്ലക്കുട്ടിയെ ദേശീയ നേതൃത്വം സംഘടനാ കാര്യങ്ങൾക്കുള്ള പ്രഭാരിയായി നിയമിച്ചത്. എന്നാൽ, ഇപ്പോൾ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷൻ നടപ്പാക്കുന്ന പദ്ധതികളിൽ ദ്വീപ് ജനവിഭാഗത്തിനും സംഘടനാംഗങ്ങൾക്കുമുള്ള എതിർപ്പ് അബ്ദുല്ലക്കുട്ടിക്ക് അറിയാനാകാതെ പോയി. നേരിട്ട് നേതൃനിരയിലെത്തിയതിനാൽ ദ്വീപ് സംഘടനാ നേതാക്കളുമായി ബന്ധമില്ലാത്തതും ചർച്ചകൾക്കുള്ള സാധ്യതകൾ ഇല്ലാതാക്കി. ലക്ഷദ്വീപിൽ പാർട്ടി വളർത്തുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു ദേശീയ നേതൃത്വത്തിന്റെ അജണ്ടയിലുണ്ടായിരുന്നത്.
അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെയുള്ള ജനവികാരത്തെക്കാളും ദ്വീപിലെ പാർട്ടി നേതൃത്വം ഒന്നടങ്കം രാജിവെച്ചതാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് തിരിച്ചടിയായത്. സംഭവം ദേശീയ തലത്തിൽ തന്നെ ചർച്ചാ വിഷയമാകാനും ഇത് കാരണമാവുകയും ചെയ്തു. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികളിൽ വിയോജിപ്പ് പ്രകടിപ്പിച്ച് ബി.ജെ.പി ലക്ഷദ്വീപ് ഘടകം ഉപാധ്യക്ഷൻ എം.സി. മുത്തുക്കോയ, മുൻ ട്രഷറർ ബി.ഷുക്കൂർ എന്നിവരുൾപ്പെടെ എട്ട് മുതിർന്ന നേതാക്കളാണ് രാജിവെച്ചത്. ജന.സെക്രട്ടറി മുഹമ്മദ് കാസിം ഉൾപ്പെടെയുള്ളവർ രാജിവെച്ചില്ലെങ്കിലും കടുത്ത എതിർപ്പുയർത്തി നിൽക്കുകയാണ്. ലക്ഷദ്വീപ് ഘടകം പ്രസിഡണ്ട് അബ്ദുൽ ഖാദർ ഹാജി ഉൾപ്പെടെ ഏതാനും നേതാക്കൾ മാത്രമാണ് പ്രഫുൽ പട്ടേലിനെ പിൻതുണക്കുന്നത്. ലക്ഷദ്വീപിലെ പാർട്ടി ഘടകത്തിലെ പ്രശ്‌നങ്ങൾ ദേശീയ നേതൃത്വം വീക്ഷിച്ചു വരികയാണെന്നാണ് വിവരം.വിഷയം ഇത്രയേറെ ഗൗരവമായിട്ടും ഇത് ചർച്ച ചെയ്തു പരിഹരിക്കാനുള്ള സന്നദ്ധത പ്രഭാരി കൂടിയായ ദേശീയ ഉപാധ്യക്ഷന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നാണ് സൂചന. സംഘടനക്കകത്തെ പ്രശ്‌നങ്ങൾ നേരത്തെ കണ്ടറിഞ്ഞ് ചർച്ച ചെയ്യാനും ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെടുത്താനും സാധിച്ചില്ല. ദ്വീപ സമൂഹത്തിലെ പ്രവർത്തകരെയും നേതാക്കളെയും പാർട്ടി നേതൃത്വത്തിനൊപ്പം നിർത്താനും സാധിച്ചില്ല.
വിഷയം കത്തിനിൽക്കുമ്പോൾ അദ്ദേഹമിട്ട ഫേസ് ബുക് പോസ്റ്റിനാകട്ടെ മാധ്യമ ശ്രദ്ധ കിട്ടിയുമില്ല. ലക്ഷദ്വീപിലെ പ്രശ്‌നങ്ങൾക്ക് സംഘടന പരമായി കൈക്കൊണ്ട നടപടികളെക്കുറിച്ച് പ്രതികരിക്കാനും അബ്ദുല്ലക്കുട്ടി തയ്യാറായിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ഈ വിഷയത്തിൽ പാർട്ടി തലത്തിൽ എന്തു നടപടികളാണുണ്ടാവുകയെന്ന് കാത്തിരുന്ന് കാണണം.