ന്യൂദല്‍ഹി- അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രൂപപ്പെട്ട ചുഴലിക്കാറ്റുകള്‍ കേരളത്തില്‍ കാലവര്‍ഷം നേരത്തേ എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് (ഐ.എം.ഡി.). ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് രാജ്യത്തെ വടക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച അതിതീവ്ര ചുഴലിക്കാറ്റായ യാസിന്റെ സ്വാധീനം കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുന്നത് ഒരു ദിവസം നേരത്തേയാക്കുമെന്നാണ് പ്രവചനം. ജൂണ്‍ ഒന്നിന് കാലവര്‍ഷം എത്തുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. എന്നാല്‍, ഇത്തവണ മേയ് 31നുതന്നെ കാലവര്‍ഷം തുടങ്ങുമെന്ന് ഐ.എം.ഡി. അറിയിച്ചു.
കഴിഞ്ഞ വര്‍ഷവും ചുഴലിക്കാറ്റുകള്‍ കാലവര്‍ഷം നേരത്തേ ആക്കിയിരുന്നു. 2020ല്‍ കാലവര്‍ഷത്തിനു മുന്നോടിയായി രൂപപ്പെട്ട അംഫന്‍, നിസര്‍ഗ ചുഴലിക്കാറ്റുകളുടെ സ്വാധീനത്തില്‍ കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തി. ജൂണ്‍ അഞ്ചിന് കാലവര്‍ഷം എത്തുമെന്നായിരുന്നു കഴിഞ്ഞവര്‍ഷത്തെ പ്രവചനം. രാജ്യത്തിന്റെ മധ്യഭാഗങ്ങളില്‍ കാലവര്‍ഷം രണ്ടാഴ്ച വൈകുമെന്നും പ്രവചനമുണ്ട്. കിഴക്കന്‍ തീരത്ത് വീശിയ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് ഇതിനുകാരണം. 1804 മുതല്‍ ഒഡിഷ തീരത്തെത്തിയ 138 ചുഴലിക്കാറ്റുകളില്‍ കാലവര്‍ഷത്തിനു മുന്നോടിയായി എത്തുന്ന 14ാമത്തെ ചുഴലിക്കാറ്റാണ് യാസ്.