മലപ്പുറം- സംസ്ഥാനത്ത് മദ്രസാധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുവെന്നും ആദ്യ പിണറായി സര്‍ക്കാര്‍ നടപ്പാക്കിയ ന്യൂനപക്ഷ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാം തുടങ്ങിയ ആക്ഷേപങ്ങളുന്നയിച്ചവര്‍ക്ക് മറുപടിയായി ആദ്യ പിണറായി മന്ത്രിസഭയില്‍ ന്യൂനപക്ഷ മന്ത്രിയായിരുന്ന കെ.ടി ജലീല്‍.
സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെയും അതിന്റെ അടിസ്ഥാനത്തിലുളള പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിലെയും ശുപാര്‍ശകള്‍ ഘട്ടംഘട്ടമായേ ഏതൊരു സര്‍ക്കാരിനും നടപ്പാക്കാനാകൂവെന്ന് ജലീല്‍ ചൂണ്ടിക്കാട്ടുന്നു. ശുപാര്‍ശകളില്‍ പ്രസക്തമെന്ന് തോന്നുന്ന കാര്യങ്ങള്‍ വി.എസ് സര്‍ക്കാരിന്റെ കാലത്തും തുടര്‍ന്ന് വന്ന യു.ഡി.എഫിന്റെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും അതിന് ശേഷം വന്ന ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്തും നടപ്പാക്കിയിരുന്നെന്ന് കെ.ടി ജലീല്‍ പറഞ്ഞു.
മദ്രസാ മാനേജ്മെന്റുകളില്‍ നിന്ന് സ്വരൂപിക്കുന്ന വിഹിതം ഉപയോഗിച്ചാണ് മദ്രസാദ്ധ്യാപകര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ഏകദേശം 25 കോടിയോളം രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നക്ഷേപിച്ചതിന് പലിശക്ക് പകരമായി ഗവണ്‍മെന്റ് നല്‍കുന്ന ഇന്‍സെന്റീവല്ലാത്ത ഒരു ചില്ലിപ്പൈസ പോലും പൊതു ഖജനാവില്‍നിന്ന് മദ്രസാധ്യാപകര്‍ക്ക് ആനുകൂല്യമായി നല്‍കുന്നില്ലെന്ന് ജലീല്‍ പറയുന്നു.
കേരളജനസംഖ്യയില്‍ 26 ശതമാനം വരുന്ന മുസ്്‌ലിംകള്‍ മുഴുവനും സംവരണാനുകൂല്യമുളള പിന്നോക്കക്കാരാണെങ്കില്‍ ക്രൈസ്തവരില്‍ 20 ശതമാനം മാത്രമാണ് സംവരണത്തിന് അര്‍ഹരായ പിന്നോക്ക വിഭാഗക്കാരെന്നും ജലീല്‍ ചൂണ്ടിക്കാട്ടി.