കണ്ണൂർ - പാലത്തായി പീഡനക്കേസിൽ നീതി തേടിയുള്ള കുടുംബത്തിന്റെ പോരാട്ടം ഫലം കണ്ടുവെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ പറഞ്ഞു. കേസ് അട്ടിമറിക്കാനും പ്രതിയായ ബിജെപി നേതാവും അധ്യാപകനുമായ കുനിയിൽ പത്മരാജനെ സംരക്ഷിക്കാനും ആസൂത്രിത നീക്കമാണ് നടന്നതെന്ന് ബോധ്യപ്പെട്ടിരിക്കുകയാണ്. ഒമ്പത് വയസ്സുകാരി ക്രൂരമായ പീഡനത്തിന് ഇരയായെന്ന് പുതിയ അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിച്ചവർക്കെതിരേയും കേസെടുക്കണം.
പ്രതിയെ സഹായിക്കുകയും കേസ് അന്വേഷണം അട്ടിമറിക്കാൻ നേതൃത്വം നൽകുകയും ചെയ്ത ഐ.ജി ശ്രീജിത്തിനെ സർവീസിൽ നിന്നും പുറത്താക്കണം. കേസന്വേഷണം അട്ടിമറിക്കാനും അതുവഴി പ്രതിയെ സംരക്ഷിക്കാനും ഗൂഢാലോചന നടന്നുവെന്നതിന് തെളിവുകൾ മുമ്പ് പുറത്തുവന്നിട്ടും ആഭ്യന്തര വകുപ്പും സർക്കാരും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അന്വേഷണ ഉദേ്യാഗസ്ഥന്റെ നേതൃത്വത്തിൽ ഇരയേയും കുടുംബത്തേയും അപമാനിക്കുകയും ചെയ്തു. പീഡനം നടന്നിട്ടില്ലെന്ന് കുട്ടി പറഞ്ഞത് വിശ്വസിക്കാൻ കഴിയില്ലെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി എസ്. ശ്രീജിത്തിന്റെ കണ്ടെത്തൽ. ഇരയ്‌ക്കെതിരായ ഇദ്ദേഹത്തിന്റെ ഫോൺ കോളും പുറത്തുവന്നിരുന്നു.
കുറ്റപത്രം വൈകിപ്പിച്ചും തെളിവുകൾ ഇല്ലാതാക്കിയും ബി.ജെ.പി നേതാവിനെ സംരക്ഷിക്കാൻ ശ്രമിച്ച ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനെതിരെ കുട്ടിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസന്വേഷണം വഴിത്തിരിവിലേക്ക് നീങ്ങിയത്. ശാസ്ത്രീയ പരിശോധനയിലൂടെ കേസിൽ സുപ്രധാന തെളിവുകൾ കണ്ടെത്തിയതോടെ കുറ്റവാളികൾക്കും അവരെ ന്യായീകരിച്ചവർക്കും തിരിച്ചടിയേറ്റിരിക്കുകയാണ്.