അറാർ - ഉത്തര അതിർത്തി പ്രവിശ്യയിലെ അറാറിൽ കഴിഞ്ഞ ദിവസം വൈദ്യുതി സ്തംഭിച്ച് സിഗ്നൽ പ്രവർത്തനരഹിതമായ സമയത്ത് വാഹന ഗതാഗതം നിയന്ത്രിച്ച് സൗദി യുവതി. മുഖാവരണം ധരിച്ച യുവതിയാണ് ട്രാഫിക് സിഗ്നലിൽ ഗതാഗതം നിയന്ത്രിച്ച് ശ്രദ്ധയാകർഷിച്ചത്. യുവതി ഗതാഗതം നിയന്ത്രിക്കുന്നത് വേറിട്ട കാഴ്ചയായി.
സൗദിയിൽ വൈദ്യുതി സ്തംഭിച്ചും സാങ്കേതിക തകരാറുകൾ മൂലവും സിഗ്നലുകൾ പ്രവർത്തനരഹിതമാകുമ്പോൾ ട്രാഫിക് പോലീസുകാരും മറ്റു സുരക്ഷാ സൈനികരും സ്ഥലത്തില്ലാത്ത സാഹചര്യങ്ങളിൽ ഗതാഗതം നിയന്ത്രിക്കാൻ ആളുകൾ മുന്നിട്ടിറങ്ങുന്നത് സർവസാധാരണമാണ്. എന്നാൽ ഗതാഗതം നിയന്ത്രിക്കാൻ യുവതി രംഗത്തെത്തിയത് അപൂർവ കാഴ്ചയായി. ഇതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. യുവതി നടത്തിയ സന്നദ്ധപ്രവർത്തനത്തെ സാമൂഹികമാധ്യമ ഉപയോക്താക്കളും ഡ്രൈവർമാരും പ്രശംസിച്ചു.
അറാറിൽ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസം വൈദ്യുതി സ്തംഭിച്ചിരുന്നു. വൈദ്യുതി വിതരണം മുടങ്ങി പതിനഞ്ചു മിനിറ്റിനകം സൗദി ഇലക്ട്രിസിറ്റി കമ്പനിക്കു കീഴിലെ എമർജൻസി സംഘം തകരാറ് പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായി കമ്പനി പറഞ്ഞു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ മുഴുവൻ ഉപയോക്താക്കൾക്കും പടിപടിയായി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും കമ്പനി പറഞ്ഞു. വൈദ്യുതി വിതരണം മുടങ്ങിയതിൽ ഉപയോക്താക്കളോട് സൗദി ഇലക്ട്രിസിറ്റി കമ്പനി ക്ഷമാപണം നടത്തി.