തിരുവനനന്തപുരം- സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി വിഭാഗം ആന്ത്രപ്പോളജി പുസ്തകത്തില്‍ ഗുരുതരമായ പിഴവ്. പ്രശസ്ത ആന്ത്രോപ്പോളജിസ്റ്റായ എ അയ്യപ്പന് പകരം കവി അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപോളജിയുടെ ഇംഗ്ലീഷ് പുസ്തകത്തിലാണ് പിഴവ്. ആന്ത്രപ്പോളജിസ്റ്റ് എ അയ്യപ്പനെക്കുറിച്ചാണ് പാഠഭാഗത്ത് നല്‍കിയിരിക്കുന്ന വിവരണം. പക്ഷേ ഒപ്പമുള്ളത് കവി അയ്യപ്പന്റെ ചിത്രമാണ്. തൃശ്ശൂരിലെ പാവറട്ടിയില്‍ ജനിച്ച എ അയ്യപ്പന്‍ മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയതും ലണ്ടനില്‍ നിന്ന് പിഎച്ച്ഡി നേടിയതുമെല്ലാം പുസ്‌കത്തില്‍ വിവരിക്കുന്നുണ്ട്. പക്ഷേ പരിചയപ്പെടുത്തല്‍ കവി എ അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം. സംഭവം വിവാദമായതോടെ ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് പ്രഖ്യാപിച്ചു.