തിരുവനന്തപുരം- ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ നടപടികള്‍ക്കെതിരേ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ സാധ്യത. ഇക്കാര്യം പരിശോധിക്കുമെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.
അഡ്മിനിസ്‌ട്രേറ്റര്‍ ലക്ഷദ്വീപില്‍ നടപ്പാക്കിയ നിയമപരിഷ്‌കാരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇതിനെതിരേ പ്രമേയം അവതരിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്.
പ്രമേയം അവതരിപ്പിക്കപ്പെട്ടാല്‍ ഭരണപക്ഷവും പ്രതിപക്ഷവും അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരായതിനാല്‍ പ്രമേയം ഐകകണ്ഠ്യേന പാസാകാനാണ് എല്ലാ സാധ്യതയും.
അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെ ലക്ഷദ്വീപിലെ 39 ഫിഷറീസ് ഉദ്യോഗസ്ഥന്മാരെ സ്ഥലംമാറ്റി. ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനായി തയാറെടുത്ത എ.ഐ.സി.സി സംഘത്തിന് അനുമതിയും നിഷേധിച്ചിട്ടുണ്ട്.