തിരുവനന്തപുരം - രണ്ടാം പിണറായി മന്ത്രിസഭയിൽനിന്ന് കെ.കെ. ശൈലജയടക്കമുള്ളവരെ മാറ്റി നിർത്തിയതിൽ വിശദീകരണവുമായി സി.പി.എം. മുഖപത്രമായ ദേശാഭിമാനിയിൽ പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള എഴുതിയ ലേഖനത്തിലാണ് സി.പി.എമ്മിന്റെ നിലപാടുകൾ വിശദീകരിക്കുന്നത്.
പാർലമെന്ററി സ്ഥാനങ്ങളിലേക്ക് നിയോഗിക്കുമ്പോൾ മാത്രമാണ് പരിഗണിക്കുന്നതെന്നും നിയോഗിക്കപ്പെടുന്നില്ലെങ്കിൽ അവഗണിക്കുന്നതായും ഏതെങ്കിലും പ്രവർത്തകൻ കരുതിയാൽ അത് അവരുടെ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് എസ്.ആർ.പിയുടെ ലേഖനത്തിൽ പറയുന്നത്. അവർ ബൂർഷ്വാ പാർലമെന്ററി വ്യാമോഹങ്ങൾക്ക് കീഴ്‌പ്പെടുകയാണ്.
തെരഞ്ഞെടുപ്പുവിജയത്തെ തുടർന്ന് സ്ഥാനാർഥി നിർണയവിഷയത്തിൽ എടുത്ത തീരുമാനത്തിന്റെ തുടർച്ചയായി മന്ത്രിസഭാ രൂപീകരണ കാര്യം ചർച്ചചെയ്ത സംസ്ഥാന കമ്മിറ്റി, മന്ത്രിമാരിൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ മറ്റാരും മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്നും പുതിയ സഖാക്കളെ മന്ത്രിമാരായി നിശ്ചയിക്കണമെന്നും ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് ലേഖനത്തിൽ പറയുന്നു.
എംഎൽഎമാരിലും മന്ത്രിമാരിലും ഏതെങ്കിലും ഒരാൾക്കോ കുറെപ്പേർക്കോ മാത്രമായി സംസ്ഥാന കമ്മിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളിൽനിന്ന് ഇളവ് നൽകേണ്ടതില്ലെന്നും സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചിരുന്നു.
ഒരേ സ്ഥാനത്ത് ഒരാൾ തന്നെ തുടരുന്നത് പാർട്ടിക്കുള്ളിൽ ആരോഗ്യകരമായ കൂട്ടായ്മ വളർത്തിക്കൊണ്ടുവരുന്നതിന് പ്രയാസങ്ങൾ സൃഷ്ടിക്കും. സ്ഥാനങ്ങൾ നേടുന്നതിനും ഉറപ്പിക്കുന്നതിനും പാർ്ട്ടിക്കുള്ളിൽ ശ്രമങ്ങളുണ്ടാകാം. ഇത് പാർട്ടിക്കുള്ളിലെ സ്ഥാനങ്ങൾക്കും പാർലമെന്ററി സ്ഥാനങ്ങൾക്കും ഒരുപോലെ ബാധകമാണ്. അതുകൊണ്ടാണ് കമ്യൂണിസ്റ്റ് പാർട്ടി ബ്രാഞ്ച് സെക്രട്ടറിമാർ തുടങ്ങി പാർട്ടിയുടെ ജനറൽ സെക്രട്ടറി സ്ഥാനംവരെ വഹിക്കുന്നവർ അതത് സ്ഥാനങ്ങളിൽ തുടരുന്നതിനുള്ള കാലപരിധി നിർണയിച്ചത്.
മന്ത്രിസഭാ രൂപീകരണത്തിൽ വനിതകളെ അവഗണിച്ചുവെന്ന ചില ബൂർഷ്വാ മാധ്യമങ്ങളുടെയും സാമൂഹ്യമാധ്യമങ്ങളുടെയും പ്രചാരവേലയിൽ ചില ഇടതുപക്ഷ സുഹൃത്തുക്കളടക്കം പലരും പെട്ടുപോയതായും ലേഖനത്തിൽ പറയുന്നു. ഇത്തരം പ്രചാരവേലയ്ക്ക് ഒരു അടിസ്ഥാനവുമില്ല. പാർട്ടിയെ പ്രതിനിധാനംചെയ്ത് കഴിഞ്ഞ മന്ത്രിസഭയിൽ രണ്ട് വനിതകൾ ഉണ്ടായിരുന്നുവെന്നും പുതിയ മന്ത്രിസഭയിലും പാർടിയെ പ്രതിനിധാനം ചെയ്ത് രണ്ട് വനിതകളുള്ളതായും ലേഖനം ചൂണ്ടിക്കാട്ടുന്നു.