Sorry, you need to enable JavaScript to visit this website.

കോവിഡിന്റെ മറവിൽ അവശ്യ സേവന സ്റ്റിക്കർ പതിച്ച വണ്ടികളിൽ വൻ സ്വർണക്കടത്ത്; ചുരുളഴിച്ച് ഡി.ആർ.ഐ

നെടുമ്പാശ്ശേരി- കോവിഡിന്റെ മറവിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്ത് വൻതോതിൽ തുടരുന്നു. കള്ളക്കടത്തിന്റെ ചുരുളഴിച്ച് ഡി.ആർ.ഐ സംഘം. വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കടത്തുന്നത് അവശ്യ സേവന സ്റ്റിക്കർ പതിച്ച വണ്ടികളിലാണ്. ഹൈദരാബാദിലേക്കാണ് കടത്തിക്കൊണ്ടു പോകുന്നത്.
കോവിഡ് വ്യാപനം ശക്തമായതോടെ വിമാനത്താവളത്തിൽ കസ്റ്റംസ് പരിശോധനയിൽ അയവ് വന്നിട്ടുള്ളതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. രോഗവ്യാപനത്തിന്റെ ഭീതി ഇതിന് ഒരു പ്രധാന കാരണമാണ്. ഈ അവസരമാണ് കള്ളക്കടത്തുകാർ പ്രയോജനപ്പെടുത്തുന്നത്. കേരളത്തിൽ നിന്നു കർണാടക വഴി വൻതോതിൽ കള്ളക്കടത്ത് സ്വർണം ആന്ധ്രയിലേയ്ക്ക് കൊണ്ടുപോകുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഡി.ആർ.ഐ ചിത്രദുർഗയിലെ ഹരിയൂർ ടൗണിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.


അതിനിടെ, വടക്കൻ കർണാടകത്തിലെ ചിത്രദുർഗയിലുള്ള ഹരിയൂർ ടൗണിൽ വെച്ച് ബംഗഌരു ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് വിഭാഗം (ഡി.ആർ.ഐ) 9.3 കിലോഗ്രാം സ്വർണം പിടിച്ചപ്പോഴാണ് കൊച്ചി വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്തിന്റെ ചുരുളഴിഞ്ഞത്. ഉദ്യോഗസ്ഥർക്ക് പിടികൊടുക്കാതിരിക്കുവാൻ ബാരിക്കേഡ് തകർത്ത് കടന്ന് പോയ സ്വർണക്കടത്ത് വാഹനത്തിന്റെ പിന്നാലെ അരമണിക്കൂർ പിൻതുടർന്നാണ് പിടിച്ചത്. പിടിച്ച സ്വർണത്തിൽ എഴുപത്തഞ്ച് ശതമാനം കൊച്ചി വഴിയും ഇരുപത്തഞ്ച് ശതമാനം കരിപ്പൂർ വിമാനത്താവളം വഴിയും കൊണ്ടുവന്നതാണന്ന് കസ്റ്റഡിയിലായ തമിഴ്‌നാട്, കർണാടക സ്വദേശികൾ ഡി.ആർ.ഐയ്ക്ക് മൊഴി നൽകി. 

 കേരള രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വർണം കൊണ്ടുപോകുവാൻ ഉപയോഗിച്ചത്. കാറിന്റെ മുൻപിൽ അവശ്യ സേവനമാണന്ന സ്റ്റിക്കർ പതിപ്പിച്ചിരുന്നു. ഒരു തമിഴ്‌നാട്ടുകാരനും ഒരു കർണാടക സ്വദേശിയുമാണ് കാറിൽ ഉണ്ടായിരുന്നത്. സീറ്റിന്റെ അടിയിൽ പ്രത്യേകം ഉണ്ടാക്കിയിരുന്ന അറയ്ക്കുള്ളിലാണ് പതിനൊന്ന് സ്വർണ ബാറുകൾ ഒളിപ്പിച്ചിരുന്നത്. ഹൈദരാബാദിലേയ്ക്കാണ് സ്വർണം കൊണ്ടുപോയതെന്ന് കാറിൽ ഉണ്ടായിരുന്നവർ മൊഴി നൽകി. കൊച്ചി, കരിപ്പൂർ വിമാനത്താവളങ്ങൾ വഴി കൊണ്ടുവരുന്ന കള്ളക്കടത്ത് സ്വർണം മറിച്ച് വിൽക്കുന്ന ഒരു പ്രധാന വിപണി ഹൈദരാബാദാണത്രേ. കോവിഡ് വ്യാപനം ശക്തമായതോടെ വിമാന ത്താവളത്തിൽ കസ്റ്റംസ് പരിശോധനയിൽ അയവ് വന്നിട്ടുള്ളതായി ആക്ഷേപം  ഉയർന്നിട്ടുണ്ട്. രോഗവ്യാപനത്തിൻെ ഭീതിയും ഇതിന് ഒരു പ്രധാന കാരണമാണ്. 

Latest News