റിയാദ് - കഴിഞ്ഞ കൊല്ലം മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണ കയറ്റുമതി 75 ശതമാനം തോതിൽ വർധിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മാർച്ചിൽ 52.3 ബില്യൺ റിയാലിന്റെ എണ്ണ കയറ്റി അയച്ചു. 2020 മാർച്ചിൽ ഇത് 29.9 ബില്യൺ റിയാലായിരുന്നു. കൊറോണ മഹാമാരി വ്യാപനത്തെ തുടർന്ന് ആഗോള വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയ 2020 മാർച്ച് മാസത്തെ അപേക്ഷിച്ച് വില മെച്ചപ്പെട്ടതാണ് ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണ കയറ്റുമതി വരുമാനം 75 ശതമാനം തോതിൽ വർധിക്കാൻ ഇടയാക്കിയത്.
2020 മാർച്ച് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ എണ്ണ കയറ്റുമതിയിൽ 22.4 ബില്യൺ റിയാലിന്റെ വർധന രേഖപ്പെടുത്തി. ആകെ കയറ്റുമതിയിൽ എണ്ണ 70 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 56.6 ശതമാനമായിരുന്നു.
മാർച്ചിൽ ആകെ കയറ്റുമതി 74.7 ബില്യൺ റിയാലും ഇറക്കുമതി 49.4 ബില്യൺ റിയാലുമാണ്. മാർച്ചിൽ ആകെ വിദേശ വ്യാപാരം 124.1 ബില്യൺ റിയാലായി ഉയർന്നു. സൗദി അറേബ്യ 25.3 ബില്യൺ റിയാൽ വാണിജ്യ മിച്ചം നേടി.
മാർച്ചിൽ ഇറക്കുമതി 14 ശതമാനം തോതിലും വർധിച്ചു. 2020 മാർച്ചിൽ ഇറക്കുമതി 43.3 ബില്യൺ റിയാലായിരുന്നു. പെട്രോളിതര കയറ്റുമതി 42.9 ശതമാനം തോതിലും വർധിച്ചു. ആകെ കയറ്റുമതി 64 ശതമാനം തോതിൽ വർധിച്ചു. 2020 മാർച്ചിൽ കയറ്റുമതി 45.6 ബില്യൺ റിയാലായിരുന്നു.
ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് മാർച്ചിൽ കയറ്റുമതി 13.6 ശതമാനം തോതിൽ വർധിച്ചു. കയറ്റുമതിയിൽ 890 കോടി റിയാലിന്റെ വർധനയാണുണ്ടായത്. മാർച്ചിൽ പെട്രോളിതര കയറ്റുമതി 22.4 ബില്യൺ റിയാലായി വർധിച്ചു. 2020 മാർച്ചിൽ ഇത് 15.7 ബില്യൺ റിയാലായിരുന്നു.
മാർച്ചിൽ ഏറ്റവുധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. മാർച്ചിൽ ഏറ്റവുധികം ഉൽപന്നങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തതും ചൈനയിൽ നിന്നാണ്. യു.എ.ഇ, അമേരിക്ക, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ചൈനയിലേക്ക് 14.3 ഉം ജപ്പാനിലേക്ക് 7.1 ഉം ഇന്ത്യയിലേക്ക് 6.1 ഉം ദക്ഷിണ കൊറിയയിലേക്ക് ആറും യു.എ.ഇയിലേക്ക് 4.3 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ചൈനയിൽ നിന്ന് 9.4 ഉം യു.എ.ഇയിൽ നിന്ന് 4.9 ഉം അമേരിക്കയിൽ നിന്ന് 4.6 ഉം ഇന്ത്യയിൽ നിന്ന് 2.7 ഉം ജപ്പാനിൽ നിന്ന് 2.4 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ മാർച്ചിൽ ഇറക്കുമതി ചെയ്തു. പെട്രോളിതര ഉൽപന്നങ്ങളിൽ 74.1 ശതമാനം കപ്പൽ മാർഗവും 16.7 ശതമാനം കര മാർഗവും 9.2 ശതമാനം വിമാന മാർഗവുമാണ് കയറ്റി അയച്ചത്. ഇറക്കുമതിയുടെ 58.6 ശതമാനം കപ്പൽ മാർഗവും 15.1 ശതമാനം കര മാർഗവും 26.3 ശതമാനം വിമാന മാർഗവുമായിരുന്നു.
ഈ വർഷം ആദ്യ പാദത്തിൽ ആകെ വിദേശ വ്യാപാരം 350.12 ബില്യൺ റിയാലാണ്. ഇതിൽ കയറ്റുമതി 212.42 ബില്യൺ റിയാലും ഇിറക്കുമതി 137.7 ബില്യൺ റിയാലുമാണ്. ആദ്യ പാദത്തിൽ സൗദി അറേബ്യ വിദേശ വ്യാപാരത്തിൽ 74.72 ബില്യൺ റിയാലിന്റെ മിച്ചം നേടി.
ആദ്യ പാദത്തിൽ ചൈനയിലേക്ക് 39 ഉം ജപ്പാനിലേക്ക് 22.4 ഉം ഇന്ത്യയിലേക്ക് 19.4 ഉം ദക്ഷിണ കൊറിയയിലേക്ക് 16.4 ഉം യു.എ.ഇയിലേക്ക് 13 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയച്ചു. ചൈനയിൽ നിന്ന് 28.5 ഉം അമേരിക്കയിൽ നിന്ന് 15.9 ഉം യു.എ.ഇയിൽ നിന്ന് 12.5 ഉം ഇന്ത്യയിൽ നിന്ന് 7.5 ഉം ജർമനിയിൽ നിന്ന് 6.6 ഉം ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ആദ്യ പാദത്തിൽ സൗദി അറേബ്യ ഇറക്കുമതി ചെയ്തു.