പത്തനംതിട്ട-അടൂരിൽ വയോധികയെ മർദ്ദിച്ചതിന് ചെറുമകൻ അറസ്റ്റിൽ. അടൂർ ഏനാത്ത് 98 വയസ്സുകാരിയായ ശോശാമ്മയെ മർദ്ദിച്ച സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്. എബിൻ ശോശാമ്മയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അടക്കം വീട്ടുകാർ തന്നെയാണ് പരാതി നൽകിയത്.
എബിൻ വയോധികയെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ വീട്ടുകാർ തടസം നിൽക്കുന്നത് കാണാം. ഒരു പെൺകുട്ടി അടക്കമുള്ളവർ ശോശാമ്മയെ മർദ്ദിക്കരുതെന്ന് അപേക്ഷിക്കുന്നുണ്ട്. കുടുംബാംഗങ്ങൾ വാവിട്ട് നിലവിളിക്കുന്നതും വിഡിയോയിൽ കേൾക്കാം. എന്നാൽ, അതൊന്നും വകവെക്കാതെയാണ് പ്രതി മർദ്ദനം തുടർന്നത്.
മദ്യലഹരിയിലാണ് താൻ വയോധികയെ മർദ്ദിച്ചതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട വനിതാ കമ്മിഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ഒരാഴ്ച്ചയ്ക്കകം സമർപ്പിക്കണമെന്ന് അടൂർ ഡിവൈഎസ്പിക്ക് കമ്മിഷൻ നിർദേശം നൽകി. കോവിഡ് സാഹചര്യത്തിൽ എല്ലാവരും സുരക്ഷിതരായി വീട്ടിലിരിക്കേണ്ട ഘട്ടത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നിർഭാഗ്യകരമാണെന്ന് കമ്മിഷൻ അംഗം ഡോ. ഷാഹിദ കമാൽ പറഞ്ഞു. അടൂരിൽ സംഭവസ്ഥലം സന്ദർശിച്ച് സാഹചര്യത്തിനനുസരിച്ച് ആവശ്യമെങ്കിൽ അവർക്ക് പ്രത്യേകം താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡോ. ഷാഹിദാ കമാൽ പറഞ്ഞു.