നിയോം സിറ്റി - ഗാർഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ ഉറപ്പുവരുത്തുന്നതിന് സൗദിയിൽ ഗാർഹിക തൊഴിലാളികൾക്ക് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനം. തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഉപയോക്താക്കളായ തൊഴിലുടമകളെ പ്രതിനിധീകരിച്ച് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളാണ് ഗാർഹിക തൊഴിലാളികളുടെ കരാർ ഇൻഷുർ ചെയ്യേണ്ടത്. ഇതിനുള്ള ചെലവ് ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും ഒപ്പുവെക്കുന്ന കരാർ ചെലവിൽ ഉൾപ്പെടുത്തി ഈടാക്കും.
ഉപയോക്താക്കളും റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെക്കുന്ന കരാർ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ രണ്ടു വർഷത്തേക്കാണ് കരാർ ഇൻഷുർ ചെയ്യുക. ഇതിനു ശേഷം ഇഖാമ പുതുക്കുമ്പോൾ ഇൻഷുറൻസ് ഏർപ്പെടുത്താനും ഏർപ്പെടുത്താതിരിക്കാനും തൊഴിലുടമകൾക്ക് സ്വാതന്ത്ര്യമുണ്ടാകും.
ഇസ്രായിൽ ആക്രമണങ്ങളും ഫലസ്തീൻ വിരുദ്ധ നടപടികളും അവസാനിപ്പിക്കാനും ഫലസ്തീൻ പ്രശ്‌നത്തിന് നീതിപൂർവമായ പരിഹാരമുണ്ടാക്കാനും ഇസ്രായിൽ ഗവൺമെന്റിനു മേൽ സമ്മർദം ചെലുത്താൻ സ്വാധീനമുള്ള രാജ്യങ്ങളുമായി ആശയവിനിയമം നടത്തി എല്ലാ തലങ്ങളിലും സൗദി അറേബ്യ ശ്രമങ്ങൾ തുടരുമെന്ന് മന്ത്രിസഭ പറഞ്ഞു. ഇസ്‌ലാമികകാര്യ മേഖലയിൽ പരസ്പര സഹകരണത്തിന് ഇറാഖുമായി ധാരണാപത്രം ഒപ്പുവെക്കാൻ ഇസ്‌ലാമികകാര്യ മന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. വിനോദ സഞ്ചാര വ്യവസായ മേഖലയിൽ പരസ്പരം സഹകരിക്കാൻ ഒമാനുമായും ഫ്രാൻസുമായും ധാരണാപത്രങ്ങൾ ഒപ്പുവെക്കാൻ ടൂറിസം മന്ത്രിയെയും മന്ത്രിസഭ ചുമതലപ്പെടുത്തി. സൗദിയിൽ ഇ-ലേണിംഗ് രീതിയിൽ ടൂറിസം മേഖലയിൽ മാനവവിഭവശേഷി വികസനത്തിന് യു.എന്നിനു കീഴിലെ വേൾഡ് ടൂറിസം ഓർഗനൈസേഷനുമായി കരാർ ഒപ്പുവെക്കാനും ടൂറിസം മന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.