കൊല്‍ക്കത്ത- ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് ഒഡീഷാ തിരത്ത് ആഞ്ഞടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഒഡിഷ, ബംഗാള്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഇതിനകം 11 ലക്ഷത്തിലേറെ പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആന്ധ്ര പ്രദേശിലെ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഡീഷയിലെ ഒമ്പത് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഈ ജില്ലകളിലെ കോവിഡ് കേസുകളും ഉയര്‍ന്ന നിരക്കിലാണ്. ഭദ്രകിലെ ധര്‍മ തീരത്തായിരിക്കും യാസ് ആദ്യം കരതൊടുക എന്നാണ് പ്രവചനം.
യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തിലെ ഒമ്പത് ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ മേയ് 31ന് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കാലവര്‍ഷം യാസിന്റെ സ്വാധീനം കാരണം നേരത്തെ എത്തുമെന്നും സൂചനയുണ്ട്.