Sorry, you need to enable JavaScript to visit this website.

സൗദിയിൽ യൂനിവേഴ്‌സിറ്റികൾ തുറക്കുന്നു

റിയാദ് - പുതിയ അധ്യയന വർഷത്തിൽ സർക്കാർ, സ്വകാര്യ യൂനിവേഴ്‌സിറ്റികളും കോളേജുകളും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ സ്ഥാപനങ്ങളും സാധാരണ നിലയിൽ തുറക്കാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യൂനിവേഴ്‌സിറ്റി, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ സ്ഥാപന വിദ്യാർഥികൾക്ക് ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും. വിദ്യാർഥികൾ സ്ഥാപനങ്ങളിൽ നേരിട്ട് ഹാജരാകുന്നതുമായി ബന്ധപ്പെട്ട സംവിധാനങ്ങളെ കുറിച്ച് സർവകലാശാലകളും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനും പിന്നീട് അറിയിക്കും. 
അടുത്ത അധ്യയന വർഷത്തിൽ ആരോഗ്യ മന്ത്രാലയം നിർണയിക്കുന്ന ക്രമീകരണങ്ങൾക്ക് അനുസൃതമായി യൂനിവേഴ്‌സിറ്റികളിലും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ സ്ഥാപനങ്ങളിലും പുതിയ വിദ്യാർഥികളുടെ പ്രവേശന നടപടികൾ പൂർത്തിയാക്കാൻ വാക്‌സിൻ സ്വീകരണം നിർബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും യൂനിവേഴ്‌സിറ്റികളും സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷനും പിന്നീട് പ്രഖ്യാപിക്കും. 
സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർഥികൾ യഥാസമയം പ്രഖ്യാപിക്കുന്ന അംഗീകൃത പ്രവർത്തന മാതൃകകൾ അനുസരിച്ചാണ് സ്‌കൂളുകളിൽ തിരികെ എത്തേണ്ടത്. ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തി ഏതെല്ലാം പ്രായവിഭാഗത്തിൽ പെട്ട വിദ്യാർഥികളാണ് സ്‌കൂളുകളിൽ എത്തേണ്ടത് എന്ന കാര്യം പ്രത്യേകം നിർണയിക്കും. ഇക്കാര്യത്തിൽ സ്‌കൂളുകളിലെ വിദ്യാർഥികളുടെ സാന്ദ്രത, വിദൂര ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എന്നിവ അടക്കമുള്ള വശങ്ങൾ പ്രത്യേകം പരിഗണിക്കും. 
സർക്കാർ, സ്വകാര്യ സ്‌കൂൾ, യൂനിവേഴ്‌സിറ്റി, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ അധ്യാപകർ അടുത്ത അധ്യയന വർഷത്തിൽ കൃത്യസമയത്ത് ജോലി സ്ഥലങ്ങളിൽ മടങ്ങിയെത്തണം. ഇത് മുന്നിൽ കണ്ട് ആരോഗ്യ മന്ത്രാലയം നിശ്ചയിക്കുന്ന ക്രമീകരണങ്ങൾ അനുസരിച്ച് അധ്യാപകർ ഇപ്പോൾ മുതൽ വാക്‌സിൻ സ്വീകരിക്കേണ്ടത് പ്രധാനമാണ്. അധ്യാപകർ വാക്‌സിൻ സ്വീകരിച്ചത് തവക്കൽനാ, തബാഉദ് ആപ്പുകൾ വഴി ഉറപ്പുവരുത്തും. സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, സ്വകാര്യ കോളേജുകൾ, സാങ്കേതിക, തൊഴിൽ പരിശീലന കോർപറേഷൻ സ്ഥാപനങ്ങൾ എന്നിവ അടക്കം വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങളിൽ പ്രവേശിക്കാൻ വാക്‌സിൻ സ്വീകരിക്കൽ നിർബന്ധമായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
 

Latest News