കവരത്തി-ലക്ഷദ്വീപിലെ ബി.ജെ.പിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിമടക്കം എട്ടുപേര്‍ രാജിക്കത്ത് നല്‍കി. ലക്ഷദ്വീപിന്റെ ചുമതലയുള്ള എ.പി അബ്ദുള്ളക്കുട്ടിക്ക് രാജിക്കത്തുകള്‍ ഇ മെയിലില്‍ അയച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ കൈക്കൊള്ളുന്ന ഏകപക്ഷീയമായ തീരുമാനങ്ങള്‍ ലക്ഷദ്വീപിന്റെ സമാധാനത്തിന് ഹാനികരം ആയതുകൊണ്ട് ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവെക്കുന്നുവെന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്.
മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, ട്രഷറര്‍ എന്നിവര്‍ ഉള്‍പ്പെടെ ഉള്ളവരാണ് രാജിവച്ചിട്ടുള്ളത്. ബി.ജെ.പിയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതായി ഇന്ന് രാവിലെ മുതല്‍തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചില നേതാക്കള്‍ അഡ്മിനിസ്ട്രേറ്ററുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ചില നേതാക്കള്‍ അഡ്മിനിസ്ട്രേറ്ററെ അനുകൂലിക്കുകയും ചെയ്തിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ വരുന്നതിനിടെയാണ് എട്ടുപേര്‍ യുവമോര്‍ച്ചയില്‍നിന്ന് രാജിവച്ചിരിക്കുന്നത്.