റിയാദ്- സൗദി അറേബ്യയും അമേരിക്കയും തമ്മിൽ പ്രതിരോധ, സൈനിക സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും യു.എസ് സെൻട്രൽ കമാണ്ട് കമാണ്ടർ ജനറൽ കെത്ത് മക്കിൻസിയും ചർച്ച നടത്തി. ആഗോള സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിലും മേഖലയിൽ സ്ഥിരത ശക്തിപ്പെടുത്തുന്നതിലും സൗദി, അമേരിക്കൻ സൈനിക, പ്രതിരോധ സഹകരണം പ്രധാനമാണെന്ന് ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ജനറൽ കെത്ത് മക്കിൻസിയും പറഞ്ഞു. മേഖലയിലെ പുതിയ സംഭവവികാസങ്ങളും മേഖലയിലും ആഗോള തലത്തിലും സുരക്ഷാ ഭദ്രതക്ക് സഹായകമായ നിലക്ക് നടത്തുന്ന സംയുക്ത ശ്രമങ്ങളും ഇരുവരും വിശകലനം ചെയ്തു.
സൗദി ജനറൽ സ്റ്റാഫ് ചെയർമാൻ ജനറൽ ഫയ്യാദ് അൽറുവൈലിയും അസിസ്റ്റന്റ് പ്രതിരോധ മന്ത്രി ഡോ. ഖാലിദ് അൽബയാരിയും സൗദി സംയുക്ത സായുധ സേനാ ഡെപ്യൂട്ടി കമാണ്ടർ മേജർ ജനറൽ അബ്ദുല്ല അൽഗാംദിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഹിശാം ബിൻ അബ്ദുൽ അസീസ് ബിൻ സൈഫും റിയാദ് അമേരിക്കൻ എംബസി ചാർജ് ഡി അഫയേഴ്‌സ് മാർട്ടിന സ്‌ട്രോംഗും അമേരിക്കൻ പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.