Sorry, you need to enable JavaScript to visit this website.

ആറുപേര്‍ മരിച്ച അപകടം: മദ്യലഹരിയില്‍ കാറോടിച്ച സൗദിക്ക് വധശിക്ഷ നടപ്പാക്കി

റിയാദില്‍ ആറു പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ തകര്‍ന്ന കാര്‍ (ഫയല്‍).

റിയാദ് - മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കി ആറു പേരെ കൊലപ്പെടുത്തിയ സൗദി പൗരന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പ്രതി മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ഖഹ്താനിക്ക് റിയാദിലാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്. മദ്യലഹരിയില്‍ പ്രതി അമിത വേഗതയില്‍ ഓടിച്ച കാര്‍ മറ്റൊരു സൗദി പൗരന്‍ ഓടിച്ച കാറില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ സൗദി പൗരന്‍ അബ്ദുല്‍മലിക് ബിന്‍ സൗദ് അല്‍ദഹീം, സഹോദരിമാരായ ഹുസ്സ, നദ, നുഹ, അബീര്‍, സഹോദരപുത്രി നൂറ ബിന്‍ത് അബ്ദുല്‍ അസീസ് എന്നിവര്‍ മരണപ്പെട്ടു. മറ്റൊരു സഹോദരപുത്രിയായ അല്‍ജൗഹറ ബിന്‍ത് അബ്ദുറഹ്മാന്‍ അല്‍ദഹീമിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മുമ്പ് പലതവണ കുറ്റകൃത്യങ്ങള്‍ നടത്തിയ പ്രതിക്ക് ശിക്ഷകള്‍ നടപ്പാക്കിയിരുന്നു. ഇതിനു ശേഷവും നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് വീണ്ടും കുറ്റകൃത്യം ആവര്‍ത്തിക്കുകയും അപകടത്തില്‍ ആറു പേരെ കൊലപ്പെടുത്തുകയും ചെയ്ത പ്രതിക്ക് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

2013 ലാണ് കേസിനാസ്പദമായ അപകടം. സൗദി യുവാവും സഹോദരിമാരും സഹോദരപുത്രിമാരും സഞ്ചരിച്ച കാറില്‍ പ്രതി ഓടിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അല്‍യാസ്മിന്‍ ഡിസ്ട്രിക്ടിലെ അനസ് ബിന്‍ മാലിക്, കിംഗ് അബ്ദുല്‍ അസീസ് റോഡുകള്‍ സന്ധിക്കുന്ന റൗണ്ട് എബൗട്ടിലാണ് അപകടം. അപകടത്തില്‍ മരണപ്പെട്ട അബ്ദുല്‍മലിക് അല്‍ദഹീം അമേരിക്കയില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെ ഉപരിപഠനം നടത്തിവരികയായിരുന്നു. ബലി പെരുന്നാള്‍ അവധി കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുന്നതിനും ഹജ് നിര്‍വഹിക്കുന്നതിനും നാട്ടിലെത്തിയ യുവാവ് ഹജ് നിര്‍വഹിച്ച് റിയാദില്‍ തിരിച്ചെത്തിയ ഉടനെയാണ് അപകടത്തില്‍ പെട്ടത്. സഹോദരിമാരെയും സഹോദരപുത്രിമാരെയും കൂട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ പ്രതിയുടെ കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഇവരുടെ കാര്‍ നിശ്ശേഷം തകര്‍ന്നു.


 

 

Latest News