റിയാദ്- ഇന്ത്യയിലെ സൗദി പ്രവാസികൾ വാക്‌സിൻ എടുക്കുമ്പോൾ പാസ്‌പോർട്ട് നമ്പർ രേഖയായി സമർപ്പിക്കുന്നതാകും നല്ലതെന്ന് ഇന്ത്യൻ എംബസി. സാങ്കേതിക പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാൻ ഇതായിരിക്കും ഉപകാരമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യയും സൗദിയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നതിന് ഉന്നത തല ചർച്ചകൾ പൂർത്തിയായെന്നും കോവിഡ് കേസുകൾ വർധിച്ചതാണ് നിലവിലെ വിമാന വിലക്കിന് കാരണമെന്നും എംബസി അറിയിച്ചു. ഇന്ത്യൻ സമൂഹവുമായി ഓൺലൈനിൽ നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യൻ അംബാസിഡർ ഡോ. ഔസാഫ് സഈദ് ഇക്കാര്യം പറഞഞത്. സൗദിയും ഇന്ത്യയും തമ്മിലുള്ള വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് സൗദിയിലെ വിവിധ മന്ത്രാലയങ്ങളുമായും സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയുമായും എംബസി ചർച്ച പൂർത്തിയാക്കിയിരുന്നു. കേസുകൾ പെട്ടെന്ന് വർധിച്ചതാണ് ഇന്ത്യാ-സൗദി വിമാന വിലക്കിന് കാരണം. സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇതര വഴികൾ ഉപയോഗപ്പെടുത്തി വരാം. നിലവിലെ സാഹചര്യത്തിൽ സൗദിയിലേക്ക് വരുന്നവർ കോവിഡ് വാക്‌സിൻ സ്വീകരിക്കണം. സൗദി അംഗീകരിച്ച വാക്‌സിൻ സ്വീകരിക്കാതെ എത്തുന്നവർ ഒരാഴ്ച ക്വാറന്റൈനിലിരിക്കേണ്ടി വരും. ഓക്‌സ്‌ഫോർഡ് ആസ്ട്രസെനിക വാക്‌സിനും കോവിഷീൽഡും ഒന്നാണ്. കോവിഷീൽഡ് വാക്‌സിനേഷൻ പൂർത്തിയാക്കി വരുന്നവർക്ക് സൗദിയിലേക്ക് പ്രവേശനം ലഭിക്കും. സൗദി അധികൃതരുമായി ബന്ധപ്പെട്ട് കോവിഷീൾഡും, ആസ്ട്രാ സെനിക്കയും ഒന്നു തന്നെയാണന്ന് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടുണ്ടെന്നും അതിനാൽ ഒട്ടും ആശങ്കയില്ലാതെ കോവിഷീൾഡ് സീകരിച്ച സാക്ഷ്യ പത്രവുമായി സൗദിയിലേക്ക് വരാമെന്നും അംബാസഡർ പറഞ്ഞു. സൗദിയിൽ അംഗീകാരമില്ലാത്ത കോവാക്‌സിൻ ഉൾപ്പെടെയുള്ളവ നിലവിൽ എടുത്തു കഴിഞ്ഞവരുണ്ട്. ഇവരുടെ കാര്യം എംബസി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ എംബസിക്ക് സാധിക്കുന്ന രീതിയിലെല്ലാം ഇടപെടും. സൗദിയിലേക്ക് വരാൻ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും സൗദിയിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അന്തിമഘട്ടത്തിലാണെന്നും അംബാസിഡർ വ്യക്തമാക്കി.