തിരുവനന്തപുരം- പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശവുമായി എന്‍.എസ്.എസ്. സാമുദായിക സംഘടനകളെ നിലവാരം കുറഞ്ഞ രീതിയില്‍ വിമര്‍ശിച്ചത് ശരിയായില്ലെന്ന് എന്‍.എസ്.എസ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആവശ്യം വരുമ്പോള്‍ സഹായം തേടുന്നതും പിന്നീട് തള്ളിപ്പറയുന്നതും നല്ലതല്ല. തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടി വി.ഡി സതീശനും എന്‍.എസ്.എസ് ആസ്ഥാനത്ത് വന്നിരുന്നു. പാര്‍ട്ടിയുടെ അഭിപ്രായം പറയേണ്ടത് പ്രതിപക്ഷ നേതാവല്ല, കെ.പി.സി.സി പ്രസിഡന്റാണെന്നും എന്‍.എസ്.എസ് പറയുന്നു.
പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മറക്കുന്നു. പുതിയ സ്ഥാനലബ്ധിയില്‍ മതിമറക്കുന്നുവെന്നും എന്‍.എസ്.എസ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവായതിന് പിന്നാലെ വി.ഡി സതീശന്‍ സാമുദായിക സംഘടനകള്‍ക്കെതിരെ രംഗത്തുവന്നിരുന്നു.
സമുദായ നേതാക്കന്മാര്‍ രാഷ്ട്രീയ കാര്യത്തില്‍ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. അവര്‍ക്കെതിരായ അനീതിയില്‍ ശബ്ദം ഉയര്‍ത്തേണ്ടത് തന്നെയാണ്. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. മത-സാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ നേതാക്കള്‍ ഇരിക്കാനേ പാടുള്ളൂ, കിടക്കരുതെന്നും സതീശന്‍ പറഞ്ഞിരുന്നു.