Sorry, you need to enable JavaScript to visit this website.

നിതാഖാത്ത്: പ്ലാറ്റിനം, പച്ച സ്ഥാപനങ്ങൾക്ക് ബദൽ വിസ

റിയാദ് - സൗദിവൽക്കരണത്തിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിതാഖാത്ത് പദ്ധതി പ്രകാരം ഉയർന്ന തോതിൽ സൗദിവൽക്കരണം പാലിച്ച് പ്ലാറ്റിനം, കടുംപച്ച, ഇടത്തരം പച്ച വിഭാഗങ്ങളിൽ പെടുന്ന സ്ഥാപനങ്ങൾക്ക് വേഗത്തിൽ ബദൽ വിസകൾ അനുവദിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദിവൽക്കരണത്തിന്റെ അടിസ്ഥാനത്തിൽ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച, ഇളം പച്ച, ചുവപ്പ് എന്നിങ്ങിനെ സ്വകാര്യ സ്ഥാപനങ്ങളെ അഞ്ചു വിഭാഗമായാണ് നിതാഖാത്ത് തരംതിരിക്കുന്നത്. 
ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടുന്ന വിദേശ തൊഴിലാളികൾക്ക് പകരം ബദൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച വിഭാഗം സ്ഥാപനങ്ങൾക്ക് മന്ത്രാലയം വേഗത്തിൽ വിസകൾ അനുവദിക്കും. കൂടാതെ സ്ഥാപനങ്ങളിൽ പുതുതായി നിയമിക്കുന്ന സൗദി ജീവനക്കാരെ ഉടനടി സ്ഥാപനങ്ങളിലെ സൗദി ജീവനക്കാരെന്നോണം നിതാഖാത്തിൽ കണക്കാക്കി സൗദിവൽക്കരണ അനുപാതത്തിൽ മാറ്റംവരുത്തുകയും ചെയ്യും. 
പ്ലാറ്റിനം, കടും പച്ച, ഇടത്തരം പച്ച വിഭാഗം സ്ഥാപനങ്ങൾക്ക് അർഹമായ വിസകൾ വേഗത്തിൽ അനുവദിക്കും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പ്രൊഫഷൻ മാറ്റവും അനുവദിക്കും. ഇഖാമ കാലാവധി പരിഗണിക്കാതെ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ വർക്ക് പെർമിറ്റുകളും പുതുക്കി നൽകും. എന്നാൽ ഇതിന് വർക്ക് പെർമിറ്റ് പുതുക്കുമ്പോൾ ഇഖാമയിൽ ശേഷിക്കുന്ന കാലാവധി ആറു മാസത്തിൽ കവിയാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങളിലേക്ക് വിദേശ തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റവും അനുവദിക്കും.
 

Latest News