കൊച്ചി- ലക്ഷദ്വീപില്‍ അഡ്മിസ്‌ട്രേറ്റര്‍ പ്രഫുല്‍ കോദാഭായ് പട്ടേല്‍ നടപ്പിലാക്കുന്ന സംഘ്പരിവാര്‍ അജണ്ടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ശക്തമായ വിമര്‍ശനങ്ങളുമായി വിവിധ പാര്‍ട്ടികളും നേതാക്കളും രംഗത്തുവന്നു. പ്രഫുല്‍ പട്ടേല്‍ ആട്ടിന്‍തോലിട്ട വര്‍ഗീയ കോമരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. അഡ്മിസ്‌ട്രേറ്റര്‍ കാണിക്കുന്നത് തോന്നിവാസമാണെന്നും ദ്വീപില്‍ നിന്ന് അദ്ദേഹത്തെ ഓടിക്കണമെന്നും സതീശന്‍ പറഞ്ഞു. ലക്ഷദ്വീപുകാരുടെ തനിമയെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്‌കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂര്‍ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചിര്‍ത്തു.
ആവശ്യമില്ലാത്ത നിയമങ്ങള്‍ ലക്ഷദ്വീപില്‍ നടപ്പാക്കരുതെന്ന് പത്മശ്രീ അലി മണിക്ഫാന്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിത രീതിയും സംസ്‌കാരവും പഠിച്ച് അവരുമായി കൂടിയാലോചിച്ച് വേണം തീരുമാനങ്ങളെടുക്കാനെന്ന് അദ്ദേഹം പറഞ്ഞു. ദ്വീപുകാരുടെ ജീവിതത്തില്‍ കൈകടത്താന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ദ്വീപുകാരുടെ ജീവിതം പഠിച്ചശേഷമാണ് അഡ്മിനിട്രേറ്റര്‍മാര്‍ പൊതുവെ ഭരണം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തോന്നുന്നതാണ് നടപ്പാക്കുന്നത്. കുറ്റകൃത്യങ്ങളോ പ്രശ്‌നങ്ങളോ ഇല്ലാത്ത സ്ഥലമാണ് ദ്വീപ്. ഗുണ്ടാ നിയമത്തിന്റെ ആവശ്യമേയില്ല. കുറച്ചുപേര്‍ക്ക് ജോലി കൊടുക്കാന്‍ വേണ്ടി മാത്രമാണ് ദ്വീപില്‍ പോലീസ് സ്‌റ്റേഷനകളെന്നും അലി മണിക്ഫാന്‍ പറഞ്ഞു. പട്ടികവര്‍ഗ വിഭാഗത്തിലാണ് ദ്വീപിലുള്ളവരെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയതെന്നും അവര്‍ക്ക് ആദിവാസി നിയമത്തിന്റെ സംരക്ഷണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.