തബൂക്ക്- കൊലക്കേസ് പ്രതിയായ സൗദി യുവാവിന്, വധശിക്ഷക്കു വേണ്ടി മുഖാവരണമണിയിച്ച് നടപ്പാക്കാൻ തുടങ്ങുന്നതിനിടെ പൊടുന്നനെ മാപ്പ് ലഭിച്ചത് ഏവരെയും സ്തബ്ധരാക്കി. ആനന്ദക്കണ്ണുനീർ തൂകിയ ജനം തക്ബീർ മുഴക്കിയാണ് വിധിയെ എതിരേറ്റത്. കൊല്ലപ്പെട്ട യുവാവിന്റെ പിതാവാണ് പ്രതിക്ക് മാപ്പ് നൽകിയത്. ശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രതിക്ക് നിരുപാധികം മാപ്പ് നൽകുന്നതായി സൗദി പൗരൻ പ്രഖ്യാപിച്ചത്. ശിക്ഷ നടപ്പാക്കുന്നതിനു മുന്നോടിയായി ശക്തമായ സുരക്ഷാ ബന്തവസ്സിൽ പ്രതിയെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള അന്തിമ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തതോടെയാണ് മകന്റെ ഘാതകന് മാപ്പ് നൽകുന്നതായി സൗദി പൗരൻ പ്രഖ്യാപിച്ചത്.
ഇത് കേട്ട് ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് തടിച്ചുകൂടിയ പുരുഷാരവം തക്ബീർ മുഴക്കി ആഹ്ലാദം പ്രകടിപ്പിച്ചു. കേസിൽ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അനുമതി ലഭിക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രതിക്ക് ഇന്നലെ രാവിലെ വധശിക്ഷ നടപ്പാക്കാൻ തീരുമാനിക്കുകയും ഇതിനുള്ള ഒരുക്കങ്ങൾ നടത്തുകയും ചെയ്തത്. കൊലക്കേസ് പ്രതിയായ മുപ്പതുകാരൻ അഞ്ചു വർഷമായി ജയിലിൽ കഴിഞ്ഞു വരികയായിരുന്നു. പൗരപ്രമുഖരും മറ്റും നടത്തിയ മധ്യസ്ഥ ശ്രമങ്ങളെ തുടർന്നാണ് പ്രതിക്ക് നിരുപാധികം മാപ്പ് നൽകാൻ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അവസാന നിമിഷം തീരുമാനിച്ചത്.