കോഴിക്കോട് - കേരളവുമായി സാംസ്‌കാരികപരമായും ഭാഷാപരമായും ഇഴയടുപ്പത്തിലുള്ള നാടാണ് ലക്ഷദ്വീപ്. കേന്ദ്രഭരണപ്രദേശമായ അവിടെ പുതുതായി നിയമിക്കപ്പെട്ട അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ജനജീവിതത്തെ തടസ്സപ്പെടുത്തുന്നതും അവരുടെ ഉപജീവന മാർഗ്ഗത്തെയും സ്വത്വത്തെ തന്നെയും ഇല്ലാതാക്കുന്നതുമായ ഇടപെടലുകൾ നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജന.സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അറിയിച്ചു. തദ്ദേശീയരായ ജനങ്ങളുടെ അവകാശങ്ങളെയും സാധാരണ ജീവിതത്തെയും അട്ടിമറിക്കുന്നതാണ് പല നടപടികളും. രാജ്യത്തെ തന്നെ ഏറ്റവും സമാധാനപരമായി കഴിഞ്ഞിരുന്ന ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥയുണ്ടാക്കുന്ന നടപടിയിൽ നിന്ന് കേന്ദ്രസർക്കാരും അഡ്മിനിസ്‌ട്രേറ്ററും പിന്മാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ദ്വീപ് നിവാസികളുടെ വിശ്വാസത്തെയും സംസ്‌കാരത്തെയും തകർക്കാനുള്ള നീക്കത്തിൽ നിന്ന് ഭരണകൂടം പിന്മാറണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.