നിയമസഭയുടെ നടുത്തളത്തിൽ വിജയശ്രീലാളിതാനയി ഇരിക്കുന്ന പടനായകൻ പിണറായി വിജയന് ഇന്ന് 76 ന്റെ പിറന്നാൾ നിറവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ പിറന്നാൽ ദിനം മെയ് 24 ആണെന്ന് അഞ്ച് കൊല്ലം മുമ്പ് നാടകീയമായി അറിയിച്ചത് അദ്ദേഹം തന്നെയാണ്- ആദ്യമായി മുഖ്യമന്ത്രിയായ 2016 മെയ് 25 ന്റെ തലേന്ന്.
ഔദ്യോഗിക രേഖകളിൽ മാർച്ച് 23 ജന്മദിനമായ പിണറായി വിജയൻ അന്ന് തന്റെ യഥാർഥ ജന്മദിനം പ്രഖ്യാപിച്ചപ്പോൾ മറ്റൊരു ജന്മദിനത്തിൽ അദ്ദേഹം ഇങ്ങനെ കേരളത്തിൽ ചോദ്യം ചെയ്യാനാകാത്ത പടത്തലവനാകുമെന്ന് ആരും കരുതിയിരിക്കില്ല. അഞ്ച് കൊല്ലം മുമ്പ് പിണറായിക്ക് പാർട്ടിയിലും ശക്തരായ എതിരാളികൾ മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു.
15 ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ തുടക്ക ദിനത്തിൽ മുഖ്യമന്ത്രി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ഭരണ ബെഞ്ചിൽ സ്വാഭാവികമായ ആഘോഷ കൈയടി.
പ്രോ ടെം സ്പീക്കർ അഡ്വ.പി.ടി.എ റഹീമിന് മുന്നിൽ അക്ഷരമാല ക്രമത്തിലായിരുന്നു എം.എൽ.എമാരുടെ പ്രതിജ്ഞ. ആദ്യം വള്ളിക്കുന്ന് പ്രതിനിധി മുസ്‌ലിം ലീഗിലെ അബ്ദുൽ ഹമീദ് മാസ്റ്റർ. തുടർന്ന് ആബിദ് ഹുസൈൻ തങ്ങളും , അഹമദ് ദേവർ കോവിലും (പി.കുഞ്ഞമ്മദ് എന്ന പേര് രേഖകളിൽ മാറിയതിന്റെ ഗുണം) പ്രതിജ്ഞയെടുത്തു. മഞ്ചേശ്വരത്ത് നിന്നുള്ള അംഗങ്ങളെല്ലാം എല്ലാ കാലത്തും അവരുടെ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാൻ കന്നടയിൽ പ്രതിജ്ഞ ചൊല്ലാറുണ്ട്. മുസ്‌ലിം ലീഗ് അംഗം എ.കെ.എം അഷ്‌റഫും പതിവ് തെറ്റിച്ചില്ല. അഷ്‌റഫിന്റെ കന്നട ഭാഷ തെരഞ്ഞെടുപ്പിനൊരു പ്രത്യേകതയുണ്ട്- ആൾ കന്നട സാഹിത്യത്തിൽ ബിരുദമെടുത്തയാളാണ്. സുപ്രീം കോടതി അഭിഭാഷകനായ മൂവാറ്റുപുഴ അംഗം മാത്യു കുഴൽ നാടനും പാലായിലെ വലിയ വിജയി മാണി സി. കാപ്പനും ഇംഗ്ലീഷിലാണ് സത്യവാചകം ചൊല്ലിയത്. ദേവികുളത്ത് നിന്നുള്ള എ.രാജ തമിഴിൽ സത്യവാചകം ചൊല്ലി മുൻഗാമികളുടെ പാത പിന്തുടർന്നു. സി.പി.എം അംഗങ്ങളായ വീണാ ജോർജ്, ആന്റണി ജോൺ, ദലീമ ജോജോ എന്നിവർ സങ്കോചമില്ലാതെ ദൈവനാമത്തിൽ സത്യവാചകമെടുത്തു. ഇങ്ങനെ ചെയ്തപ്പോൾ പണ്ട് സി.പി.എം അംഗങ്ങളായ മോനായിയും ഐഷ പോറ്റിയും നേരിട്ട പ്രതിസന്ധിയൊക്കെ ഇനി ഓർമ. 80 പേരാണ് സഗൗരവം സത്യപ്രതിജ്ഞ എടുത്തത്. ദൈവനാമത്തിൽ 43 പേരും അല്ലാഹുവിന്റെ നാമത്തിൽ 13 പേരും സത്യവാചകം ചൊല്ലി. ഭൂരിപക്ഷം മറുപക്ഷത്തിന് തന്നെ.
പാർട്ടിയോടും ഇടതുപക്ഷത്തെത്തിയ നവ പാർട്ടിയോടും പടവെട്ടി സ്ഥനാർഥിത്വം നേടി ചെറിയ വോട്ടിനാണെങ്കിലും ജയിച്ചു വന്ന കുറ്റിയാടി അംഗം കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സഗൗരവ പ്രതിജ്ഞക്ക് തിളക്കമേറെ. മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷരക്രമം വന്നപ്പോൾ 132 ാമതായാണ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 107 ാമത് സത്യവാചകം ചൊല്ലി. കടുത്ത പരാജയത്തിനടയിലും സതീശന്റെ പുതിയ മുഖം പ്രതിപക്ഷ നിരയുടെ ആവേശമാകുന്നുണ്ട്.
വടകരയിൽ സമാനകളില്ലാത്ത പോരാട്ടം നടത്തി ജയിച്ചു വന്ന ആർ.എം.പി അംഗം കെ.കെ.രമ പാർട്ടി സ്ഥാപകനും ഭർത്താവുമായ ടി.പി. ചന്ദ്രശേഖരന്റെ ചിത്രം പതിച്ച ബാഡ്ജ് നെഞ്ചിൽ കുത്തിയാണ് സഗൗരവ പ്രതിജ്ഞയെടുത്തത്. സഭയിലേക്ക് കയറുന്നതിന് മുമ്പ് മീഡിയ റൂമിൽ രമ നടത്തിയ പ്രഖ്യാപനം നവകാല ഉണ്ണിയാർച്ചയായി വരും ദിനങ്ങളിൽ നടത്താൻ പോകുന്ന പോരാട്ടങ്ങളുടെ ദിശാ സൂചിയായി. രമയുടെ വാക്കുകൾ ഇങ്ങനെ 'ജയിച്ചത് സഖാവാണ്. അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയം ഉയർത്തിപ്പിടിക്കും. വിയോജിപ്പ് രേഖപ്പെടുത്തുന്നവർ തെരുവിൽ വെട്ടിക്കൊല്ലപ്പെടരുതെന്ന സന്ദേശമാണ് നൽകാനുള്ളത്. എല്ലാവർക്കും രാഷ്ട്രീയ പ്രവർത്തനത്തിന് സ്വാതന്ത്ര്യമുണ്ടാവണം. ആർ.എം.പി സ്ഥാനാർഥിയായാണ് മൽസരിച്ചത്. യു.ഡി.എഫ് പിന്തുണച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ യു.ഡി.എഫിന്റെ നയനിലപാടുകളെ പിന്തുണക്കാമെന്ന് അവരോട് പറഞ്ഞിട്ടില്ല. അവരുടേത് നിരുപാധിക പിന്തുണയാണ്. ആർ.എം.പി നല്ല പ്രതിപക്ഷമായി നിലനിൽക്കും.'' സത്യവാചകം ചൊല്ലിയ ശേഷം തന്റെ മുൻ നേതാക്കളെ ഉൾപ്പെടെ അഭിവാദ്യം ചെയ്ത ശേഷം പ്രോടെം സ്പീക്കർ പി.ടി.എ. റഹീമിന് ഡയസിലെത്തി ആദരം അർപ്പിച്ച് സീറ്റിലേക്ക്. -രമയുടെയും ടി.പി. ചന്ദ്രശേഖരന്റെയും ശത്രുക്കൾ ഒരിക്കലും കാണാൻ ആഗ്രഹിക്കാതിരുന്ന കാഴ്ചയാണിത്. താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ വിശ്രമത്തിലായതിനാൽ സഭയിൽ ഹാജരായില്ല. എം.വിൻസെന്റ്, നെന്മാറ എം.എൽ.എ കെ.ബാബു എന്നിവർ കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ സത്യവാചകം ചൊല്ലാനെത്തിയില്ല. അവർ വരുന്ന ദിസങ്ങളിൽ സ്പീക്കർ മുമ്പാകെ സത്യവാചകമെടുക്കും. അക്ഷരമാല ക്രമത്തിൽ വന്നപ്പോൾ വടക്കാഞ്ചേരി എം.എൽ.എ സേവ്യർ ചിറ്റിലപ്പള്ളി അവസാനത്തെ ആളായി.
പേരിന്റെ ആദ്യാക്ഷരം എ. ആയവർക്ക് ആദ്യാവസരം കിട്ടുന്ന ചില സന്ദർഭമുണ്ട്. അവയിലൊന്നാണ് ഇത്.
53 പുതുമുഖങ്ങൾക്ക് ഇന്നലെ പ്രവേശനോത്സവമായിരുന്നു . സാമൂഹിക അകലം പാലിച്ചാണ് ഇരിപ്പിടങ്ങൾ ഒരുക്കിയത്. മാസ്‌കിന്റെ ഗൗരവമൊക്കെ ഏതാണ്ട് എല്ലാവരും ഉൾക്കൊണ്ടു എന്ന് സഭയിലെ ദൃശ്യങ്ങൾ തെളിയിച്ചു. അധിക പേരും പ്രോട്ടകോൾ പ്രകാരം മാസ്‌ക് ധരിച്ചാണ് ഇരുന്നത്. അപ്പോഴും ചിലരുടെയെങ്കിലും മൂക്ക് പുറത്താകുന്ന അവസ്ഥ കണ്ടു.
ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പാണ്. നിയമസഭയിലെ കന്നി അംഗം എം.ബി രാജേഷാണ് ഇടതുപക്ഷത്തിന്റെ സ്പീക്കർ സ്ഥാനാർഥി. പത്ത് കൊല്ലത്തെ പാർലമെന്റിലെ പ്രവർത്തന അനുഭവമാണ് ശക്തി. യു.ഡി.എഫ് സ്പീക്കർ സ്ഥാനാർഥി വിഷ്ണുനാഥാണ്. ജയിക്കില്ലെങ്കിലും പോരാടാനുറച്ച പ്രതിപക്ഷത്തിന്റെ പ്രതിനിധി. 26 നും 27 നും സഭ ചേരില്ല. 28 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തും. ജനുവരി 21 നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. സർക്കാർ തുടരുന്നതിനാൽ ആ പ്രഖ്യാപനങ്ങൾ തന്നെ ആവർത്തിക്കുമോ, പുതിയ പരിപാടികൾ പ്രഖ്യാപിക്കുമോ എന്നതൊക്കെ അറിയാനിരിക്കുന്ന കാര്യങ്ങൾ.
പുതുക്കിയ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ നാലിന് അവതരിപ്പിക്കും. ജൂൺ 14 വരെ 14 ദിവസം സമ്മേളനത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങളെല്ലാം കോവിഡിനെ ആശ്രയിച്ചിരിക്കുന്നു.