റിയാദ് - വിദേശങ്ങളിൽ നിന്ന് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ ക്വാറന്റൈൻ ചെലവ് ചെലവ് വഹിക്കേണ്ടത് തൊഴിലുടമകളാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സ്‌പോൺസർമാർക്കു വേണ്ടി റിക്രൂട്ട്‌മെന്റ് നടപടികൾ പൂർത്തിയാക്കുന്ന റിക്രൂട്ട്‌മെന്റ് കമ്പനികളോ ഓഫീസുകളോ വേലക്കാരുടെ ക്വാറന്റൈൻ ചെലവ് വഹിക്കേണ്ടതില്ല. വിദേശങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് ഒപ്പുവെച്ച റിക്രൂട്ട്‌മെന്റ് കരാറുകളാണെങ്കിൽ പോലും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ചെലവ് റിക്രൂട്ട്‌മെന്റ് കമ്പനികളോ ഓഫീസുകളോ വഹിക്കേണ്ടതില്ല. ക്വാറന്റൈൻ ചെലവ് റിക്രൂട്ട്‌മെന്റ് കരാറിൽ ഉൾപ്പെടുത്തില്ല. ഇതിനുള്ള ചെലവ് ഉപയോക്താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുകയാണ് ചെയ്യുകയെന്നും റിക്രൂട്ട്‌മെന്റ് മേഖലാ നിക്ഷേപകനായ മാജിദ് അൽഹഖാസ് പറഞ്ഞു.
സൗദിയിലേക്ക് വരുന്ന യാത്രക്കാർ സ്വന്തം ചെലവിലാണ് ക്വാറന്റൈൻ പാലിക്കേണ്ടതെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവ് ഇബ്രാഹിം അൽറുഅസാ നേരത്തെ വ്യക്തമാക്കിയിരുന്നു.