Sorry, you need to enable JavaScript to visit this website.

പ്രവാസി സമൂഹത്തിന് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിദൂര സേവന സംവിധാനം തുടങ്ങി

ജിദ്ദ- പ്രവാസികൾക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഈയിടെ വികസിപ്പിച്ച സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ വഴി വെൽച്വൽ അപ്പോയിന്റ്‌മെന്റ് സിസ്റ്റം (വാസ്) ആരംഭിച്ചു. ജിദ്ദ കോൺസുലേറ്റിനെ നേരിട്ട് സമീപിക്കാതെ തന്നെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും പരിഹരിക്കാനുമുള്ള സംവിധാനമാണിത്. സാധാരണ കോൺസുലേറ്റ് പ്രവർത്തനങ്ങൾക്ക് പുറമേയാണ് പുതിയ സംവിധാനം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ഐ.ഒ.സിയിലും ഇന്ത്യ ഇൻ ജിദ്ദ എന്ന് ടൈപ് ചെയ്താൽ ആപ്ലിക്കേഷൻ ലഭിക്കും. ഇതുവഴി വെർച്വൽ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. ആപ്ലിക്കേഷനിലെ ബുക്ക് അപ്പോയിന്റമെന്റ് എന്ന വിഭാഗമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. സന്ദർശകന് അനുയോജ്യമായ തീിയതിയും സമയവും ഇവിടെ തെരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.
അനുവദിക്കപ്പെട്ട സമയത്ത് കോൺസുലേറ്റ് ഉദ്യോഗസ്ഥർ സൂം വീഡിയോ വഴിയോ മറ്റു കോൾ ആപ്ലിക്കേഷനുകളിലൂടെയോ പ്രവാസികളുമായി സംവദിക്കും. എന്താണോ ആവശ്യം അത് ഈ സമയത്ത് അവതരിപ്പിക്കാവുന്നതാണ്. ചോദ്യങ്ങൾ ചോദിക്കാനും ആശങ്കകൾ അറിയിക്കാനും പ്രവാസികൾക്ക് സാധിക്കും.  


ബുക്ക് ചെയ്യുന്ന വ്യക്തിയുടെ മൊബൈലിൽ കോൾ ആപ്ലിക്കേഷനുകൾ ഉണ്ടായിരിക്കണം. വിസ, പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ, ഒ.സി.ഒ, ജയിൽ, മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം, കാണാതായ കേസുകൾ, ഫൈനൽ എക്‌സിറ്റ് തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഓൺലൈനിലൂടെ കൈകാര്യം ചെയ്യുമെന്ന് കോൺസുലേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. 


കോവിഡ് പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു സംവിധാനം ആരംഭിച്ചതെന്നും ജിദ്ദയിലും കോൺസുലേറ്റിന്റെ അധികാര പരിധിയിലുമുള്ള ഇന്ത്യൻ സമൂഹത്തിന് കോൺസുലേറ്റുമായി ബന്ധം സ്ഥാപിക്കുന്നതിനും ഈ സിസ്റ്റം സഹായിക്കുമെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. കോൺസുലേറ്റും ഇന്ത്യൻ സമൂഹവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തബൂക്ക്, അബഹ, ജിസാൻ, നജ്‌റാൻ, മദീന, യാമ്പു എന്നീ പ്രദേശങ്ങളിലുള്ളവർക്ക് കോൺസുലേറ്റുമായി ബന്ധപ്പെടാനുള്ള സുവർണാവസരമാണിത്. നേരത്തെ വളരെ ദൂരം യാത്ര ചെയ്താണ് പലരും കോൺസുലേറ്റിൽ സേവനങ്ങൾക്കായി എത്തിയിരുന്നത്. പുതിയ സംവിധാനം വന്നതോടെ സാധാരണക്കാർക്കും ജോലിത്തിരക്കുള്ള വർക്കും വലിയ സൗകര്യമാണ് ലഭിച്ചിരിക്കുന്നത്. 


 

Latest News