Sorry, you need to enable JavaScript to visit this website.

അക്ഷരങ്ങളുടെ നനവ്

ചെറിയ കഥകളിലൂടെ വലിയ കഥാശയങ്ങൾ പ്രതിഫലിപ്പിക്കുകയാണ് അമീൻ പുറത്തീൽ എന്ന കഥാകൃത്ത്. ധ്വനിപ്രധാനമായ കഥകളിലൂടെ ചെറു എന്ന വിശേഷണത്തെ മറികടക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുന്നുണ്ട് അമീന്റെ പല കഥകളും. 
പേന എന്ന കഥനോക്കൂ: പുറത്തിറങ്ങാതിരിക്കുന്നതാണ് നിനക്ക് നല്ലത്; പേന അക്ഷരങ്ങളോട് പറഞ്ഞു. എനിക്ക് വിലങ്ങിട്ടിട്ട് നിനക്കെന്ത് കാര്യം?
അക്ഷരങ്ങൾ വെളിയിലിറങ്ങി. അതോടെ അവയുടെ കഥ കഴിഞ്ഞു.


വെറും അഞ്ച് ലഘുവാക്യത്തിലൂടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ തലയ്ക്ക് മേലെ തൂക്കിയിട്ട ഭീഷണിയെ പ്രതിചാർത്താൻ ഈ ചെറിയ കഥയ്ക്ക് കഴിഞ്ഞത് ഭാഷാപരമായ ഘടന ഒന്ന് കൊണ്ട്  മാത്രമാണ്. രാജ്യദ്രോഹി എന്ന കഥ കാണുക. ജനാധിപത്യം വിലക്കുകളാൽ ബന്ധനസ്ഥനാണെന്നത് ഓർമ്മിപ്പിക്കുന്നു ഈ കഥ. ഉച്ചത്തിൽ കരഞ്ഞതിന്.. കൈയ്യക്ഷരം മോശമായതിന്.. ശിക്ഷാവിധികൾ ഇതിനൊക്കെയായിരുന്നു.  എന്നിട്ടും പക്ഷെ ജനാധിപത്യം അറസ്റ്റ്‌ചെയ്യപ്പെട്ടു. കാരണമെന്തന്നല്ലേ.. ചിന്തകൾ രാജ്യാതിർത്തി കടന്നിരുന്നുവത്രെ.. ചിന്തകൾ ജനാധിപത്യവിരുദ്ധമായതിനാൽ, കുറ്റം രാജ്യദ്രോഹം..!


ഇതിന്റെ പരിഛേദമാണ് നാക്ക് എന്ന കഥ. വിഷയം ജനാധിപത്യ ധ്വംസനമാണ്. പക്ഷെ  ഇത്തവണ പ്രതി നിശ്ശബ്ദതയാണ്. മൗനവും  കുറ്റകരമായ ഒരു അനാസ്ഥയാണെന്ന് ബിഷപ്പ് പൗലോസ് മാർ പൗലോസ്  'നിശ്ശബ്ദരായിരിക്കാൻ നിങ്ങൾക്കെന്തവകാശം' എന്ന തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. തന്റെ അസത്യങ്ങളും അസഭ്യങ്ങളും കാരണം പരിക്ക് പറ്റുന്നത്  ചൂണ്ടിക്കാണിച്ച ചുണ്ടിനോട് നാക്ക് പറയുന്നത് ചിലപ്പോഴെങ്കിലും എനിക്ക് സത്യം പറയാൻ നീ വാ തുറക്കുന്നില്ലെന്ന ന്യായീകരണമാണ്. കോടതി മുറികളിലെ കണ്ണ് മൂടിയ നീതിദേവത പലപ്പോഴും അതേ നിയമ പരിരക്ഷകരാൽ നിശ്ശബ്ദയാക്കപ്പെടുക കൂടിയാണെന്നത് നാക്ക് എന്ന കഥയിലെ കഥാപത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ പരസ്പരം പഴിചാരി സ്വയം വിശുദ്ധനാവുകയും അവനവന്റെ ബലഹീനതകൾ മറ്റുള്ളവരിലേയ്ക്ക്  ചാർത്തി രക്ഷപ്പെടുകയും  ചെയ്യുകയെന്ന പ്രവണതയുടെ പിൻതുടർച്ചയാണ് ധാർമ്മികത എന്ന കഥ. രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തങ്ങൾ ഇവ്വിധം ആവർത്തിച്ചു വരുന്ന കഥകൾ ഈ സമാഹാരത്തിൽ ഇനിയുമുണ്ട്.


സാമൂഹ്യാവസ്ഥകളോട് പ്രതികരിക്കുവാനും സാമൂഹ്യ വിമർശനത്തിനും വ്യംഗമായോ അപൂർണ്ണമായോ ഉള്ള രചനകളായാൽ പോലും അവ കുറുമൊഴികളായി വായനക്കാരന്റെ ഉള്ളിൽ പ്രതിധ്വനിപ്പിക്കുന്നതിന് ഏറ്റവും നല്ല മീഡിയം ഇത്തരം കഥാ സങ്കേതങ്ങളാണ്. ഒരാശയം വായനക്കാരന്റെ തലച്ചോറിൽ പ്രകമ്പനം കൊള്ളിക്കാൻ ഒരു സമ്പൂർണ്ണ വരിപോലും ആവശ്യമില്ലെന്ന് താഴ് എന്ന കഥ  തെളിയിക്കുന്നു. കഥ ഇത്രയേയുള്ളൂ. 'ഒരു താഴ്‌വേണം. കിനാക്കളെ ബന്ധിക്കാൻ.


താഴ്..കിനാവ്.. ബന്ധനം.. മൂന്നേ മൂന്ന് വാക്കുകൾ കൊണ്ട് ഇന്ത്യ എന്ന ജനാധിപത്യരാഷ്ട്രത്തിന്റെ വർത്തമാന 'അടിയന്തരാവസ്ഥ'യും  അസ്വാതന്ത്ര്യവും മസ്തിഷ്‌കത്തിനകത്ത് പോലും ശൂലം കുത്തിച്ചികഞ്ഞ് 'ജനാധിപത്യവിരുദ്ധ'മായതെന്ന് എളുപ്പത്തിൽ പഴി ചാർത്തി സ്വപ്‌നങ്ങളെ പോലും  പുറന്തോണ്ടിയെടുത്ത് ബന്ദിയാക്കുന്ന ഫാസിസ്റ്റ് ഭയാനകതയെ വായിച്ചെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ പിന്നെന്തിന് ബൃഹത് നോവലുകൾ?


അന്യന്റെമേൽ അധികാരം  സ്ഥാപിക്കുകയും ഉടമസ്ഥാവകാശം  കൈവശപ്പെടുത്തുകയും വിധിപ്രസ്താവം നടത്തുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭീകരതയുടെ അതിവിദൂരമല്ലാത്ത വരും കാല ദുരന്തത്തെ ദീർഘദർശനം ചെയ്ത കഥയാണ് 'മഴനനഞ്ഞ അക്ഷരങ്ങൾ'. കഥയെഴുതി പൂർത്തിയാക്കിയ ശേഷം അക്ഷരങ്ങൾ കഥയിൽ നിന്നിറങ്ങി വന്ന് എഴുത്തുകാരനെ ചോദ്യം ചെയ്യുന്നുവെന്ന മാജിക്കൽ റിയലിസത്തിന്റെ പ്ലാറ്റ്‌ഫോമിൽ നിന്നെഴുതിയ ഈ കഥ യാഥാർത്ഥ്യ ബോധത്തെയാണ് ദീർഘദർശനം ചെയ്യുന്നത്.എഴുതിയ അക്ഷരങ്ങൾത്തന്നെ, അവിശ്വസനീയമാംവിധം സ്വന്തം പാളയത്തിൽ നുഴഞ്ഞു കയറിയ ഫാസിസ്റ്റ് മുഖങ്ങളെ തിരിച്ചറിഞ്ഞ് പുറത്തിറങ്ങാൻ കഴിയാതെ പേടിച്ച് വിറച്ച് തിരിച്ച് വന്ന് എഴുത്തുകാരനോട് കരഞ്ഞു കേണപേക്ഷിക്കുന്നത്, ഫാസിസ്റ്റ് ഭീകരതയെ എഴുത്തുകാരനും പുസ്തകങ്ങളും മാത്രമല്ല ഇനി അക്ഷരങ്ങൾ കൂടി പേടിക്കേണ്ട വിധം  തൊട്ടടുത്തെത്തിയെന്ന ആപൽസൂചന നൽകുന്നു.
ഒറ്റവരിയിൽ ഒരു മുഴുനീള ജീവിതത്തിന്റെ ജയിലറകളെ തുറന്ന് കാട്ടുന്ന ഒരുകഥയുണ്ട്. വിവാഹം എന്നാണ് പേര്. വിവാഹം എന്ന തലക്കെട്ടിന് താഴെ വിചാരണത്തടവ്; ജീവപര്യന്തം എന്നീ  രണ്ട് വാക്കുകളേയുള്ളൂ.


കഥ തീർന്നു. അത് പക്ഷെ തീരുന്നത് അക്ഷരങ്ങൾ വായിച്ചവസാനിപ്പിക്കുന്ന കണ്ണുകളിൽ മാത്രമാണ്. ശേഷം, വായിക്കുന്ന ഓരോരു ത്തരിലൂടെയുമായി ആ കഥ പൂരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓരോരുത്തരുടെയും ജീവിതവുമായി ആ കഥാപൂരണം അനന്തമായ പ്രയാണം തേടുകയാണ്.
അത്‌കൊണ്ട് കഥ എവിടെയും  അവസാനിക്കുന്നുമില്ല. വിചാരണത്തടവ്, ജീവപര്യന്തം എന്നീ രണ്ടു വാക്കുകൾ കൊണ്ട് മാത്രം ഒരു ജീവിതത്തെ വായിച്ചെടുക്കാൻ മിനിക്കഥ എന്ന സ്വരൂപത്തിന് കഴിയുന്നുവെങ്കിൽ അതിനർത്ഥം ആ സ്വരൂപം സർഗസാഹിത്യത്തിന്റെ ഇടങ്ങളിൽ അത്യന്തം ഒഴിച്ചുകൂടാനാവാത്ത വിധം  യോഗ്യമാകപ്പെട്ടിരിക്കുന്നുവെന്നാണ്. 
വാട്ട്‌സാപ്പും മാനവികതയുടെ മേൽ അടിച്ചേൽപ്പിച്ച  നിഷ്‌ക്രിയത്വത്തെക്കുറിച്ചും കപടതയെക്കുറിച്ചുമൊക്കെയുള്ള  (പ്രണയം പൂക്കുന്ന നേരം, അവൾ) കഥകൾ അതതു കാലങ്ങളിൽ സമകാലിക ആകുലതകളോട് കലഹിച്ച അമീൻ പുറത്തീലിന്റെ പ്രതികരണങ്ങളാണ്. അനിതരസാധാരണങ്ങളായ മുറുക്കവും തിളക്കവുമുണ്ട് ഈ കഥകൾക്കെല്ലാം.


എന്റെ പശു എന്ന കഥയെക്കുറിച്ച് ഇവിടെ  പറയാതെപോവുക സാധ്യമല്ല. മനുഷ്യൻ ഒരു വൃത്തികെട്ട ജന്തുവാണെന്ന് എഴുത്തുകാരും കലാകാരൻമാരും പരിഹാസ്യമായി പറയാറുണ്ട്. എന്നാൽ മനുഷ്യരാണ് ജന്തുക്കളേക്കാൾ നികൃഷ്ടരെന്ന് അവർ (ജന്തുക്കൾ) തിരിച്ചറിഞ്ഞിട്ടുണ്ട്. മിണ്ടാപ്രാണികളായത് കൊണ്ട് അവരുടെ  മനോഗതം ആരും അറിയുന്നില്ലെന്ന് മാത്രം. പതിവുപോലെ പശുവിനെ മേയ്ച്ച് കെട്ടുന്നിടത്ത് നിന്ന് അഴിച്ചു കൊണ്ടുവരാൻ പോയ വീട്ടമ്മയോടൊപ്പം വരാൻ മടികാണിച്ച് പെട്ടെന്നൊരു ദിവസം ബലംപിടിച്ച് ഇങ്ങനെ വാശി പിടിക്കുന്നതെന്തേയെന്ന് സംശയിച്ചപ്പോൾ കയറിന്റെ അറ്റം പിടിച്ചു വലിക്കുന്ന വീട്ടമ്മയോട് കണ്ണീരൊലിപ്പിച്ച് കൊണ്ട് പശു പറയുന്ന ആത്മഗതമിതാണ്: ഇത്രയും കാലം നീ എന്നെ നന്നായി നോക്കിയില്ലേ.. തീറ്റയും വെള്ളവും തന്ന് പോറ്റിയില്ലേ..  എന്റെ പേരിൽ നിങ്ങൾ മനുഷ്യന്മാർ നാട്ടിൽ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ നീ കാണുന്നില്ലേ.. വേണ്ട, ഇനി എന്റെ പേരിൽ നിനക്ക് ഒരു  പ്രശ്‌നം വരണ്ട.
നീ പൊയ്‌ക്കോ.. ഞാൻ വരുന്നില്ല എന്നാണ്.

മഴ നനഞ്ഞ അക്ഷരങ്ങൾ 
/ അമീൻ പുറത്തീൽ


 

Latest News