കൊച്ചി - കോൺഗ്രസിന്റെ കരുത്തുറ്റ ഒരു രണ്ടാം നിരയെ മുന്നോട്ടു കൊണ്ടുവരുമെന്ന് വി.ഡി. സതീശൻ. താൻ ഗ്രൂപ്പിനതീതനായിരുന്നുവെന്ന് പറയുന്നില്ല. പക്ഷേ പാർട്ടിയിൽ ഗ്രൂപ്പിന്റെ അതിപ്രസരം ഉണ്ടാകാൻ പാടില്ല. ഗ്രൂപ്പ് പ്രവർത്തനം സംഘടനാ പ്രവർത്തനത്തെ ബാധിക്കാൻ പാടില്ല. നേതൃത്വം അവസരത്തിനൊത്ത് ഉയർന്നില്ലെങ്കിൽ യാതൊരു പ്രയോജനവുമുണ്ടാകില്ല. ജനങ്ങൾ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
യു.ഡി.എഫിനുണ്ടായ പരാജയ കാരണം സംബന്ധിച്ച് വിശദമായ ഒരു വിലയിരുത്തൽ ഇതുവരെ നടത്തിയിട്ടില്ല. രാഷ്ട്രീയകാര്യ സമിതി ചേർന്ന് ഇത് പ്രാഥമികമായി വിലയിരുത്തും. കൂടാതെ എല്ലാ സ്ഥാനാർഥികൾ, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികൾ, ജില്ലാ കോൺഗ്രസ് കമ്മിറ്റികൾ എന്നിവരിൽ നിന്നും റിപ്പോർട്ട് ശേഖരിച്ച് വിശദമായ ചർച്ച നടത്തി ഒരോ നിയോജകമണ്ഡലത്തിലെയും പരാജയ കാരണങ്ങൾ വിലയിരുത്തും. ഇതിന്റെ കൂടെ അടിസ്ഥാനത്തിലായിരിക്കും പ്രതിപക്ഷത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് രൂപം കൊടുക്കുക. പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി ആരാഞ്ഞായിരിക്കും മുന്നോട്ടു പോകുക.
ദൈവവിശ്വാസികൾ ദൈവത്തെ ഭയപ്പെടുന്നതുപോലെ ജനാധിപത്യത്തിൽ ജനപ്രതിനിധികൾ ജനങ്ങളെ ഭയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ അംഗീകാരം നൽകി അധികാരത്തിലെത്തിച്ച സർക്കാരിനെ വെല്ലുവിളിച്ച് ഭരിക്കാൻ അനുവദിക്കാതിരിക്കുകയല്ല പ്രതിപക്ഷത്തിന്റെ ജോലി. കോവിഡ് മഹാമാരിയെ നേരിടാനുള്ള സർക്കാരിന്റെ എല്ലാ പ്രവർത്തനത്തിനും നിരുപാധിക പിന്തുണയുമായി പ്രതിപക്ഷം ഉണ്ടാകും. തെറ്റായ പ്രവർത്തനങ്ങൾ ചെയ്താൽ അതിനെ ശക്തിയുക്തം എതിർക്കുന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും ഉണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.
കെ. കരുണാകരൻ, എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പാത പിന്തുടർന്നുകൊണ്ട് കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊണ്ടുകൊണ്ടുള്ള പ്രവർത്തനമായിരിക്കും കോൺഗ്രസും യു.ഡി.എഫും നടത്തുക. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ജ്യേഷ്ഠ സഹോദരനാണ്. എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിലുണ്ടായിരുന്നത് ജ്യേഷ്ഠാനുജ ബന്ധമാണ്. അതേ ബന്ധം തന്നെയാണ് രമേശ് ചെന്നിത്തലയും താനുമായി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ഉള്ളത്. ആ ബന്ധത്തിന് യാതൊരു കോട്ടവും വരുത്തില്ല. രമേശ് ചെന്നിത്തലയുടെ പ്രവർത്തനം മാതൃകാപരമായിരുന്നുവെന്നും സതീശൻ വ്യക്തമാക്കി.