Sorry, you need to enable JavaScript to visit this website.

ഗ്രൂപ്പുകൾക്ക് ഞെട്ടലായി ഹൈക്കമാന്റ് തീരുമാനം

കോട്ടയം- പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വി.ഡി. സതീശന്റെ വരവ് യു.ഡി.എഫിന്റെ, പ്രത്യേകിച്ച് കോൺഗ്രസ് തട്ടകമായിരുന്ന കോട്ടയത്തെ ഞെട്ടിച്ചു. എ ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ കോട്ടയത്തിനു ചുറ്റുമായിരുന്നു കെ. കരുണാകരന്റെ പതനശേഷമുള്ള കോൺഗ്രസ് നീക്കങ്ങൾ. കേരള കോൺഗ്രസ് എം യു.ഡി.എഫ് വിട്ടതിനു പിന്നാലെ കരുത്തുചോർന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ അടിപതറി നിൽക്കുമ്പോഴാണ് ഗ്രൂപ്പ് സമവാക്യം തന്നെ തിരുത്തിയ ഹൈക്കമാന്റ് തീരുമാനം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ഗ്രൂപ്പുകൾ പങ്കിട്ടെടുക്കുകയായിരുന്നു ഇതുവരെ പദവികൾ. പുതുപ്പള്ളിക്കും ഹരിപ്പാടിനും അപ്പുറത്തേക്ക് തീരുമാനമെടുക്കാൻ കോൺഗ്രസ് ഹൈക്കമാന്റ് വിറച്ചു നിൽക്കുകയായിരുന്നു ഇതുവരെ. ഇക്കുറിയും ഉമ്മൻ ചാണ്ടി- രമേശ് ചെന്നിത്തല ഗ്രൂപ്പുകൾ പരസ്പര സമവായത്തിലൂടെ പുതിയ അധികാര ഫോർമുല മുന്നോട്ടുവച്ചിരുന്നു. പക്ഷേ ഹൈക്കമാന്റ് അത് തള്ളി. 


രമേശ് ചെന്നിത്തല ആലപ്പുഴ ജില്ലക്കാരനാണെങ്കിലും കോട്ടയവുമായി ഇഴപിരിയാത്ത ബന്ധം ഉണ്ടായിരുന്നു. മൂന്നു തവണ കോട്ടയത്തിന്റെ എം.പിയായിരുന്നു രമേശ്. കൂടാതെ ഹൈക്കമാന്റുമായുള്ള ഉറ്റബന്ധം. രാഹുൽ ഗാന്ധിയുമായി അടുത്ത വ്യക്തി ബന്ധമാണ് രമേശിനുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ കടുത്ത തീരുമാനം ഐ വിഭാഗവും പ്രതീക്ഷിച്ചില്ല.
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായി തുടരുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് പദം എ വിഭാഗത്തിന് ലഭിക്കും. ഇതിലേക്കായി കോൺഗ്രസ് എ വിഭാഗം കെ.സി ജോസഫിനെയാണ് കരുതിവച്ചിരുന്നത്. ഇക്കുറി ഇരിക്കൂറിൽ മത്സരിക്കാതെ സ്വയം മാറിയ കെ.സി. ജോസഫിനെ ഒരു സുപ്രധാന പദവിയിൽ അവരോധിക്കുക എന്നതായിരുന്നു ലക്ഷ്യം. കത്തോലിക്ക സമുദായ അംഗമായ കെ.സി ജോസഫ് മുൻനിരയിലേക്ക് വരുന്നത് ക്രൈസ്തവ സഭകളുടെ പിന്തുണ ലഭിക്കാൻ സഹായിക്കുമെന്ന നിലപാടിലായിരുന്നു എ വിഭാഗം. യു.ഡി.എഫ് കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും രമേശ് ചെന്നിത്തല സ്ഥാനമൊഴിയാതിരുന്നത് ഇത്തരത്തിലുളള ചർച്ച നടന്നതിലായിരുന്നു. പക്ഷേ കോൺഗ്രസിലെ ഇരു ശാക്തിക ചേരികളും ഭരണം പിടിച്ചെടുക്കുന്ന കാര്യത്തിൽ അപ്രസക്തമായ സാഹചര്യത്തിൽ ഇനി ഇങ്ങനെ പോകുന്നതിൽ അർഥമില്ലെന്ന നിലപാടിലേക്ക് ഹൈക്കമാന്റ് എത്തി. രാഹുൽ ഗാന്ധിയും പ്രിയങ്കയും കേരളത്തിൽ പലതവണ പര്യടനം നടത്തിയിട്ടും ഫലം ഉണ്ടാകാതെ പോയത് പാർട്ടിയുടെ അടിത്തറ തകർന്നതിലാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തി. കെ.സി. ജോസഫ് അല്ലെങ്കിൽ കെ. സുധാകരൻ എംപിയുടെ പേരാണ് എ വിഭാഗത്തിന്റെ മനസിലുള്ളത്. സുധാകരൻ കെ.പി.സി.സി പ്രസിഡന്റാകാനുളള സാധ്യത നിലനിൽക്കുന്നതായാണ് പൊതു വിലയിരുത്തൽ. പ്രതിപക്ഷ നേതാവായി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പേര് ഉയർന്നുവന്നിരുന്നു. പക്ഷേ ഹൈക്കമാന്റ് താൽപര്യം കാട്ടിയില്ല.


2006 മുതൽ കേരളത്തിൽ യു.ഡി.എഫ് സംവിധാനം ദുർബലപ്പെടുന്നതിന് തുടക്കം കുറിച്ചുവെന്നാണ് ഹൈക്കമാന്റ് കണ്ടെത്തിയത്. അന്ന് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സർക്കാർ അധികാരമേറ്റത് പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വരവിന്റെ അത്രയും സീറ്റ് നേടിയായിരുന്നു, 99. യു.ഡി.എഫ് 40 സീറ്റിലേക്ക് ചുരുങ്ങി. 2011ൽ യു.ഡി.എഫ് അധികാരത്തിലേറിയെങ്കിലും വെറും രണ്ടു സീറ്റിന്റെ ബലത്തിലാണ് പിടിച്ചു നിന്നത്. അതായത് ഇടതു മുന്നണിയുടെ ശക്തി ചോർന്നില്ലെന്ന് അർഥം. ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കിയെങ്കിലും 2016ൽ പിണറായി വിജയൻ 91 സീറ്റു നേടിയാണ് ഇടതു തരംഗത്തിൽ അധികാരമേറിയത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ശബരിമല, രാഹുൽ ഫാക്ടറുകൾ യു.ഡി.എഫിന് വൻ വിജയം നേടികൊടുത്തുവെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വീണ്ടും പിന്നോട്ടുപോയി. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിനു കാരണമായി കാണുന്നത് ദുർബലമായ പാർട്ടി സംവിധാനമാണ്. അതു തിരുത്താനാണ് ഹൈക്കമാന്റ് നീക്കം.


 

Latest News