കരിപ്പൂര്‍- സ്വര്‍ണ്ണക്കടത്ത് സംസ്ഥാനത്ത് സര്‍ക്കാരിനെ വരെ പിടിച്ചു കുലുക്കിയിട്ടും ഒരു കുറവുമില്ലാതെ തുടരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്ന് പിടികൂടിയത് 1.53 കോടിയുടെ സ്വര്‍ണമാണ്. കസ്റ്റംസും റവന്യൂ ഇന്റലിജന്‍സും ചേര്‍ന്നാണ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തു. അതില്‍ ഒരാള്‍ മലപ്പുറം സ്വദേശി നഷീദ് അലിയും മറ്റേയാള്‍ കോഴിക്കോട് വടകര സ്വദേശി അബ്ദുള്‍ ഷെരീഫുമാണ്. ഇവര്‍ സ്വര്‍ണം ക്യാപ്‌സൂള്‍ രൂപത്തിലും കുഴമ്പ് രൂപത്തിലുമാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വന്നവരുടെ കയ്യില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ സ്വര്‍ണം മൂന്നര കിലോയോളം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടയില്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒപ്പിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നു. 967 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ നരിക്കോട് സ്വദേശി ഉമ്മറിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.