റിയാദ് - വിദേശങ്ങളിൽ നിന്ന് സൗദിയിലേക്ക് കൊണ്ടുവരുന്ന 3,000 റിയാലിൽ കൂടുതലുള്ള വ്യക്തിപരമായ വസ്തുക്കൾക്കുള്ള ഇറക്കുമതി തീരുവ കണക്കാക്കുക ഓരോ കുടുംബാംഗത്തിന്റെയും ലഗേജുകൾക്ക് അനുസരിച്ചാണെന്നും കുടുംബത്തിന്റെ മൊത്തത്തിലുള്ള ലഗേജ് നോക്കിയല്ലെന്നും സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി. ഇതുപ്രകാരം നാലംഗ കുടുംബത്തിന് പരമാവധി 12,000 റിയാൽ വരെ വിലയുള്ള വ്യക്തിഗത വസ്തുക്കൾ നികുതിയില്ലാതെ രാജ്യത്ത് പ്രവേശിപ്പിക്കാൻ സാധിക്കും. എന്നാൽ മൂവായിരം റിയാലിൽ കൂടുതൽ വിലയുള്ള വ്യക്തിഗത വസ്തുക്കളുമായി രാജ്യത്ത് പ്രവേശിക്കുന്ന യാത്രക്കാരൻ നികുതി നൽകേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് സൗദി പൗരന്മാരിൽ ഒരാൾ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.