Sorry, you need to enable JavaScript to visit this website.

ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാൻ ശ്രമം തുടരും - രാജാവ്

റിയാദ് - ജറൂസലമിലെ ഇസ്രായിൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ സൗദി അറേബ്യ ശക്തമായ ശ്രമങ്ങൾ തുടരുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ജറൂസലമിലെ ഇസ്രായിൽ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ എല്ലാ തലങ്ങളിലും സൗദി അറേബ്യ ശ്രമങ്ങൾ തുടരുമെന്ന് സൽമാൻ രാജാവ് ഉറപ്പുനൽകിയത്. 
ഗാസയിൽ ഇസ്രായിൽ വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷവും ജറൂസലമിലും മസ്ജിദുൽ അഖ്‌സയിലും ഫലസ്തീനികൾക്കു നേരെ ഇസ്രായിൽ സുരക്ഷാ സേനയും ജൂതകുടിയേറ്റക്കാരും ആക്രമണങ്ങൾ നടത്തിയ പശ്ചാത്തലത്തിലാണ് ഇത്തരം ആക്രമണങ്ങൾക്ക് അറുതിയുണ്ടാക്കാൻ സാധ്യമായ എല്ലാ നിലക്കും ശ്രമങ്ങൾ തുടരുമെന്ന് സൽമാൻ രാജാവ് ഫലസ്തീൻ പ്രസിഡന്റിനെ അറിയിച്ചത്. ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇസ്രായിൽ ഗവൺമെന്റിനു മേൽ സമ്മർദം ചെലുത്തുന്നതിന് ഇസ്രായിലിനു മേൽ സ്വാധീനമുള്ള രാജ്യങ്ങളുമായി സൗദി അറേബ്യ ആശയവിനിമയം നടത്തുന്നത് തുടരുമെന്നും സൽമാൻ രാജാവ് പറഞ്ഞു. സൽമാൻ രാജാവ് ഫലസ്തീൻ പ്രസിഡന്റുമായി ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ജറൂസലമിൽ ഇസ്രായിൽ നടത്തുന്ന ആക്രമണങ്ങളെയും ഗാസ ആക്രമണത്തെയും സൗദി അറേബ്യ അപലപിക്കുന്നതായി സൽമാൻ രാജാവ് പറഞ്ഞു. ഫലസ്തീൻ ജനതക്ക് സമാധാനത്തിലും സുക്ഷയിലും കഴിയാൻ സാഹചര്യമുണ്ടാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും രാജാവ് കൂട്ടിച്ചേർത്തു. 
ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലം തൊട്ട് ഇന്നു വരെ സൗദി അറേബ്യ സ്വീകരിച്ചുവരുന്ന ഫലസ്തീൻ അനുകൂല നിലപാടുകളെ വിലമതിക്കുന്നതായി ഫലസ്തീൻ പ്രസിഡന്റ് പറഞ്ഞു. ഇസ്രായിൽ ആക്രമണം അവസാനിപ്പിക്കാനും ഫലസ്തീനികളെ സഹായിക്കാനും അന്താരാഷ്ട്ര സംഘടനകളിലും അറബ്, ഇസ്‌ലാമിക് സംഘടനകളിലും സൗദി ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾക്ക് സൽമാൻ രാജാവിന് മഹ്മൂദ് അബ്ബാസ് നന്ദി പ്രകടിപ്പിച്ചു. 

Latest News