ഇന്ത്യയിലെ നിർമാണ മേഖല കോവിഡിന് ശേഷം ഉയർത്തെഴുന്നേറ്റാൽ അതിനോട് അനുബന്ധമായി മറ്റെല്ലാ മേഖലകളും ചലിക്കാൻ തുടങ്ങും
കോവിഡാനന്തര ഇന്ത്യയിൽ നമ്മുടെ സാമ്പത്തിക രംഗം തിരിച്ചു വരാനും ദൈനംദിന ക്രയവിക്രയങ്ങൾ പഴയ രീതിയിലാവാനും എത്ര നാൾ പിടിക്കും എന്നതാണ് ഇന്ത്യൻ സാമ്പത്തിക രംഗം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വിഷയം. സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കാനും സാമ്പത്തിക ചക്രത്തെ യുദ്ധകാലാടിസ്ഥാനത്തിൽ വളരെ പെട്ടെന്ന് തിരിച്ചു കൊണ്ടുവരാനുമുള്ള സത്വര നടപടിയാണ് ആവശ്യം. നിർമാണ മേഖലകളെ പ്രവർത്തന സജ്ജമാക്കി പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങുക എന്നതാണ് ഏറ്റവും പ്രധാനം.
ഏതൊരു രാജ്യത്തിന്റെയും സാമ്പത്തിക പുരോഗതി മുന്നോട്ട് നീങ്ങണമെങ്കിൽ നിർമാണ മേഖല സജീവമായിരിക്കണം. അതല്ലെങ്കിൽ ഹൈവേ / മെട്രോ / ട്രാൻസ്‌പോർട്, ഭവന പദ്ധതികൾ എന്നിവ നടപ്പാക്കാനുള്ള പദ്ധതികൾ നമ്മുടെ കൈയിലുണ്ടായിരിക്കണം.
ഇന്ത്യയിലെ നിർമാണ മേഖല കോവിഡിന് ശേഷം ഉയർത്തെഴുന്നേറ്റാൽ അതിനോട് അനുബന്ധമായി മറ്റെല്ലാ മേഖലകളും ചലിക്കാൻ തുടങ്ങും. അതോടെ രാജ്യത്ത് ഒട്ടുമിക്ക മേഖലയും മുന്നോട്ട് നീങ്ങാൻ തുടങ്ങും. രാജ്യത്തു കൂടുതൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകൾ വരുന്നു, കൂടുതൽ ആളുകൾക്ക് പ്രത്യേകിച്ചും സാധാരണ ജനങ്ങൾക്ക് ജോലി ലഭിക്കുന്നു, രാജ്യത്തുള്ള എഫ് എം സി ജി സെക്ടർ നന്നായി നീങ്ങാൻ തുടങ്ങുന്നു, ബാങ്കിങ് ഇടപാടുകൾ കൂടി വരുന്നു.. എന്നിങ്ങനെയാണ് സ്വാഭാവികയും പെട്ടെന്ന് നമുക്ക് കാണാൻ കഴിയുന്ന കാര്യങ്ങൾ. പല മേഖലകളെയും സ്പർശിച്ചുകൊണ്ട് നിർമാണ മേഖല രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തിരിച്ചു കൊണ്ടുവരും.
സർക്കാരിന്റെ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 20 മില്യൺ ഭവന പദ്ധതികൾ/പ്രോജെക്ടുകൾ പല നഗരങ്ങൾ കേന്ദ്രീകരിച്ചു വരാനിരിക്കുന്നു. 2025 ആകുമ്പോഴേക്കും ഇന്ത്യൻ റിയൽ എസ്‌റ്റേറ്റ് / നിർമാണ മേഖല എന്നത് 650 ബില്യൺ യു.എസ് ഡോളറാകും എന്നാണ് കണക്കുകൾ പറയുന്നത്. അതായതു ഇന്ത്യൻ ജിഡിപിയുടെ 13% ഈ മേഖല പ്രധാനം ചെയ്യും.
വിദ്യാഭ്യാസം, ആശുപത്രികൾ, ഇ-കൊമേഴ്‌സ് എന്നിവയുടെ സാധ്യതകൾ വിലയിരുത്തി ഇന്ത്യയിലെ മുപ്പതോളം പ്രധാന നഗരങ്ങളിലെ നിർമാണ മേഖല മൂന്നിരട്ടിയായി വലുതാവുകയും തന്നെയുമല്ല, ഇതര വ്യവസായങ്ങളുടെ വളർച്ചയെ അത് വളരെയധികം സ്വാധീനിക്കും എന്നും കരുതുന്നു.
രാജ്യത്തെ നിർമാണ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന അർത്ഥത്തിൽ സർക്കാർ നികുതി ഇളവ്, കുറഞ്ഞ ജിഎസ്ടി, ബാങ്ക് ലോണിന് കുറഞ്ഞ പലിശ എന്നിവ നടപ്പിലാക്കി വരുന്നു. തൽഫലമായി രാജ്യത്തു സ്വകാര്യ നിക്ഷേപങ്ങൾ റിയൽ എസ്‌റ്റേറ്റ് അല്ലെങ്കിൽ നിർമാണ മേഖലകളിൽ വരും നാളുകളിൽ കൂടുതൽ എത്തിച്ചേരും എന്നാണ് കരുതുന്നത്.
2017 ൽ ഇന്ത്യയിലെ റിയൽ എസ്‌റ്റേറ്റ് നിക്ഷേപം വെറും 120 ബില്യൺ യു.എസ് ഡോളർ ആയിരുന്നു. എന്നാൽ 2030 ആകുമ്പോഴേക്കും ഈ മേഖല 1,000 ബില്യൺ യുഎസ് ഡോളർ ആയി കുതിച്ചു കയറുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2025 ആവുമ്പോഴേക്കും ഈ കണക്ക് 650 ബില്യൺ യുഎസ് ഡോളറിലെത്തും.
രാജ്യത്തെ എട്ട് പ്രധാന നഗരങ്ങളിലെ കണക്കുകൾ മാത്രം നോക്കിയാൽ അവിടെത്തെ നിർമാണ മേഖലയുടെ പകുതി പോലും ഇപ്പോഴും നമുക്ക് പൂർത്തീകരിച്ചു കൊടുക്കാൻ കഴിയുന്നില്ല. ഇതുവെച്ചു നോക്കുമ്പോൾ ഇന്ത്യൻ റിയൽ എസ്‌റ്റേറ്റ് / നിർമാണ മേഖല എത്രമാത്രം നമ്മുടെ സാമ്പത്തിക ചുറ്റുപാടിനെ വളരാൻ സഹായിക്കും എന്ന് പറയേണ്ടതില്ലല്ലോ.
ഇന്ത്യയിൽ ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഏറ്റവും അധികം സാധ്യതയുള്ള നഗരങ്ങളാണ് ബംഗളൂരു, ഹൈദരാബാദ് എന്നിവ. തുടർന്നു വരുന്ന നഗരങ്ങളാണ് മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മൾ ഇന്ത്യക്കാർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിശോധിക്കുമ്പോൾ രാജ്യത്തിന്റെ ആവശ്യകതയിൽ വലിയ കുറവൊന്നും വരാനില്ല. പക്ഷേ ചെറുകിട പദ്ധതികൾ പൂർത്തീകരിക്കാൻ കാലതാമസം നേരിടാം. അതല്ലെങ്കിൽ പദ്ധതികൾ വെട്ടിച്ചുരുക്കി ചെറിയ നിക്ഷേപത്തോടു കൂടിയ പദ്ധതികളായി പരിവർത്തനം ചെയ്യപ്പെട്ടേക്കാം. പ്രത്യേകിച്ചും പാർപ്പിട പദ്ധതികൾ അതിന്റെ ചതുരശ്ര അടി തോത് കുറഞ്ഞേക്കാം എന്നല്ലാതെ കാര്യമായ മാറ്റങ്ങൾ വരാൻ സാധ്യതയില്ല.
പ്രവാസി ഇന്ത്യക്കാർക്ക് പ്രത്യേകിച്ചും ഗൾഫ് മലയാളികൾക്ക് ഇന്ത്യയിൽ ഒരു സംരംഭം തുടങ്ങാനും അതിൽ വിജയം വരിക്കാനും നല്ല മേഖലയാണ് നിർമാണ രംഗം. വിവിധ സംസ്ഥാന സർക്കാരുകൾ നയങ്ങൾ പുതുക്കിയിട്ടുണ്ട്. അതേസമയം, നിർമാണ മേഖലയുമായി ധാരാളം ബിസിനസ് അവസരങ്ങൾ ഇന്ത്യയിലുണ്ടെന്നതും കൂടുതൽ സാധ്യതകൾ വരാനിരിക്കുന്നു എന്നതും ശുഭാപ്തി വിശ്വാസം നൽകുന്നു.