Sorry, you need to enable JavaScript to visit this website.

തലമുറ മാറ്റത്തിന് കോൺഗ്രസ്, സതീശനെ കാത്തിരിക്കുന്നത് വൻ വെല്ലുവിളികൾ

തിരുവനന്തപുരം- തലമുറ മാറ്റത്തിന്റെ ഭാഗമായി വി.ഡി സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പാർട്ടി നേതാക്കൾ. രാഹുൽ ഗാന്ധിയുടെ ഉറച്ച നിലപാടാണ് വി.ഡി സതീശനെ പാർട്ടിയുടെ നിർണായക സ്ഥാനത്ത് അവരോധിക്കാൻ ഇടയാക്കിയത്. മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം നേതൃത്വത്തെ അറിയിച്ചത്. അവസാന നിമിഷം വരെ ഈ തീരുമാനത്തിന് എതിരെ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ഹൈക്കമാന്റ് ഉറച്ചുനിന്നു. സതീശനെ പ്രതിപക്ഷ നേതാവായി നിശ്ചയിക്കാനുള്ള തീരുമാനത്തെ കോൺഗ്രസ് നേതാവ് വി.എം സുധീരൻ സ്വാഗതം ചെയ്തു. എന്ത് തീരുമാനത്തെയും അനുകൂലിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം മാറാൻ തയ്യാറാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 
കോൺഗ്രസിൽ ഗ്രൂപ്പിന് അതീതമായി ഒരു സ്ഥാനവും ലഭിക്കില്ലെന്ന പൊതു അഭിപ്രായത്തെയാണ് കോൺഗ്രസ് ഹൈക്കമാന്റും പൊളിച്ചത്. വി.ഡി സതീശനെ കാത്തിരിക്കുന്നതും വൻ വെല്ലുവിളികളാണ്. സഭയിൽ അൻപത് കൊല്ലത്തിലേറെ കാലം കോൺഗ്രസിനെ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടി, കഴിഞ്ഞ അഞ്ചുവർഷവും പ്രതിപക്ഷത്തെ നയിച്ച രമേശ് ചെന്നിത്തല എന്നിവരുടെ കൂടി നേതാവായാണ് സതീശൻ എത്തുന്നത്. പതിനാല് എം.എൽ.എമാർ തന്നെ പിന്തുണച്ചുവെന്നായിരുന്നു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസവും വ്യക്തമാക്കിയത്. എം.എൽ.എമാരുടെ അഭിപ്രായം കാത്തുനിൽക്കാതെ ഇന്ന് രാവിലെ തന്നെ സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് പ്രഖ്യാപിക്കുകയായിരുന്നു. എ.കെ ആന്റണിയുടെ എതിർപ്പ് ഈ നിയമനത്തിന് ഉണ്ട് എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. യു.ഡി.എഫിനേറ്റ വൻ പരാജയത്തിൽനിന്നാണ് സതീശന് തുടങ്ങേണ്ടത്. ഈ വെല്ലുവിളികളെ അതിജീവിച്ച് വേണം സതീശന് പ്രവർത്തിക്കാൻ. സതീശന് പിന്തുണയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്.
 

Latest News