കോട്ടയം- ചുമതലയേറ്റശേഷം നാട്ടിലെത്തിയ റോഷി അഗസ്റ്റിൻ പാലാക്കാരനായി മാറി ഇന്നലെ. മാണി സാറിന്റെ നാട്ടിലായിരുന്നു പകൽ മുഴുവൻ. കെ.എം. മാണിയുടെ അതേ നമ്പരുള്ള സ്റ്റേറ്റ് കാർ നമ്പർ മൂന്നിൽ നാട്ടിലെത്തിയ റോഷി ആദ്യം കെ.എം. മാണിയുടെ കബറിടത്തിൽ പുഷ്പചക്രം അർപ്പിച്ചു. പിന്നെ രാഷ്ട്രീയ ഗുരുവിന്റെ കരിങ്ങോഴയ്ക്കൽ വസതിയിലെത്തി ജോസ് കെ. മാണിയുമായി കൂടിക്കാഴ്ച്ച. കുടുംബാംഗങ്ങളുമായി സൗഹൃദത്തിന്റെ നിമിഷങ്ങൾ. തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു നടത്തിയ പാർട്ടിയോടും മാണി സാറിനോടുമുള്ള സ്‌നേഹാദരങ്ങൾ അറിയിച്ചശേഷം പാർട്ടിയുടെ കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലും ചക്കാമ്പുഴയിലെ സ്വവസതിയിലുമെത്തിയശേഷമാണ് റോഷി മടങ്ങിയത്.
പാലായുടെ ആവശ്യങ്ങളുമായി എത്തിയവരോട് അർഥശങ്കയ്ക്കിടയില്ലാത്ത വിധം ജലവിഭവ മന്ത്രി പറഞ്ഞു: പാലായുടെ ആവശ്യങ്ങൾ തന്റേതുമാണ്. ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത കോട്ടയം ജില്ലയിലെ ജലസേചന ജലവിതരണ പദ്ധതിക്കായി മുൻ ജലസേചന മന്ത്രി കൂടിയായിരുന്ന കെ.എം. മാണി വിഭാവനം ചെയ്ത പദ്ധതികൾ നടപ്പാക്കുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ നൽകിയ നിവേദനത്തിലുള്ള മറുപടിയിലാണ് മന്ത്രി ഇപ്രകാരം പ്രതികരിച്ചത്.
കേരള കോൺ. (എം) നേതാക്കളായ തോമസ് ചാഴികാടൻ എം.പി, നിയുക്ത എം.എൽ.എ മാരായ ഡോ. എൻ. ജയരാജ്, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ എന്നിവർക്ക് ഒപ്പമാണ് മന്ത്രി റോഷി, പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ വീട്ടിലെത്തിയത്. ജോസ് കെ. മാണി ഷാൾ പുതപ്പിച്ച് വീട്ടിലേക്ക് സ്വീകരിച്ചു. തുടർന്ന് നടന്ന കേരള കോൺ (എം) പാർലമെന്ററി പാർട്ടി യോഗത്തിലും മന്ത്രി പങ്കെടുത്തു. മധുരം വിളമ്പി നേതാക്കൾ സന്തോഷം പങ്കുവെച്ചു.
മാണി സാറിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കുമെന്ന് മന്ത്രി റോഷി തന്നെ കാണാനെത്തിയവരോട് പറഞ്ഞു. പാർട്ടി ചെയർമാനായ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ നടന്ന ടീം വർക്കിലൂടെയാണ് ഇന്നത്തെ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയാണ് നമ്മുടെ രാഷ്ട്രീയ ലക്ഷ്യം. ജനങ്ങൾക്ക് ക്ഷേമം നടപ്പാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. മാണി സാർ നടപ്പാക്കിയതും പാവപ്പെട്ടവരുടെ ഉന്നമനമാണ്. മന്ത്രിയായിരുന്ന മാണി സാർ കൈകാര്യം ചെയ്തിരുന്ന വകുപ്പും അദ്ദേഹം താമസിച്ചിരുന്ന ഔദ്യോഗിക വസതിയും അതേ നമ്പരിലുള്ള വാഹനവുമാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്നും എം.എൽ.എ എന്ന നിലയിൽ താമസിച്ച മുറി മാണി സാർ ഉപയോഗിച്ച മുറിയായിരുന്നുവെന്നും റോഷി പറഞ്ഞു.
ഇടുക്കി പദ്ധതിയിൽനിന്നും മീനച്ചിലാറ്റിലേക്ക് വെള്ളം എത്തിക്കുന്ന നിർദ്ദിഷ്ട തുരങ്ക പദ്ധതി, മലങ്കര നിന്നും വെള്ളം പമ്പ് ചെയ്ത് വിവിധ പഞ്ചായത്തുകൾക്കായുള്ള നീലൂർ കുടിവെള്ള വിതരണ പദ്ധതി, മീനച്ചിലാറ്റിൽ ജലം സംഭരിക്കുന്നതിനായുള്ള അരുണാപുരം മിനി ഡാം പദ്ധതി എന്നിവയും വിവിധ തടയണ പദ്ധതികളുടേയും തുടർ നടപടികൾക്കായി സത്വര നടപടി ആവശ്യപ്പെട്ടാണ് മന്ത്രിക്ക് നിവേദനം നൽകിയത്.
മീനച്ചിൽ താലൂക്കിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുവാൻ മുൻഗണന ഉണ്ടാകുമെന്നും പ്രളയ ദുരന്തനിവാരണത്തിനായും പദ്ധതികൾ ഉണ്ടാകുമെന്നും ഇതിനായി കൂടുതൽ ചർച്ചകൾ നടത്തുമെന്നും മന്ത്രി നിവേദകരെ അറിയിച്ചു.