മലപ്പുറം- മാസങ്ങളായുള്ള അധ്വാനത്തിന്റെ ശ്രമഫലമായി വിളവെടുക്കാന്‍ പാകമായ കപ്പയും മറ്റു പച്ചക്കറികളും മാര്‍ക്കറ്റുകളില്‍ എത്തിക്കാന്‍ ഒരുങ്ങവേ അപ്രതീക്ഷിതമായി എത്തിയ ലോക്ക്ഡൗണും കാലവര്‍ഷക്കെടുതിയും കര്‍ഷകര്‍ക്ക് തീരാവേദനയായ സമയത്താണ് കീഴുപറമ്പ് ടീം വെല്‍ഫെയറിന്റെ സമയോചിത ഇടപെടല്‍.
കോവിഡ് ലോക്ഡൗണിന് പുറമേ ശക്തമായ മഴയും എത്തിയതോടെ കീഴുപറമ്പിന്റെ പലഭാഗങ്ങളിലും വെള്ളം കയറിയതോടെ കപ്പയും വാഴയും മറ്റു പച്ചക്കറികളും വെള്ളത്തിലായി.
ഇത്തവണ കിഴുപറമ്പില്‍ ധാരാളം കര്‍ഷകര്‍ കപ്പ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. വിളവെടുപ്പിന് പാകമായിരുന്ന കപ്പ പ്രതിസന്ധികള്‍ കാരണം വിപണിയിലെത്തിക്കാന്‍ സാധിക്കാതിരുന്നപ്പോഴാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പാടത്ത് പോയി പറിക്കുകയും ഓണ്‍ലൈനായും വാഹനങ്ങളിലുമായി വീടുവീടാന്തരം എത്തിച്ച് വില്‍പ്പന നടത്തി ആ തുക കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തത്. ഇത് അവര്‍ക്ക് വലിയൊരു ആശ്വാസമായി മാറി.
ബാക്കിവരുന്ന കപ്പ കര്‍ഷകര്‍ എന്ത് ചെയ്യും എന്നാലോചിക്കുന്നതിടയിലാണ് കീഴുപറമ്പ് രണ്ടാം വാര്‍ഡ് മെമ്പര്‍ പി.കെ മുഹമ്മദ് അസ്‌ലം ഈ കപ്പകള്‍ മുഴുവന്‍ വിലകൊടുത്തു വാങ്ങുകയും അത് തന്റെ വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂന്ന് കിലോ വെച്ച് സൗജന്യമായി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തത്. ഇതിലൂടെ വന്‍ നഷ്ടത്തിലും കര്‍ഷകര്‍ക്ക് ഒരഅല്‍പമെങ്കിലും ആശ്വാസമായി.