റിയാദ് - ബിനാമി ബിസിനസ് സ്ഥാപനങ്ങളെന്ന് സംശയിക്കുന്ന 38 ലേഡീസ് ഷോപ്പ് ഉടമകളെ ചോദ്യം ചെയ്യന്നു. വനിതാ ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിലാണ് ബിനാമികളെന്ന് സംശയിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തിയത്.
ബിനാമി സ്ഥാപനങ്ങളാണെന്ന് തെളിയുന്ന ലേഡീസ് ഷോപ്പുകളുടെ നടത്തിപ്പുകാരായ വിദേശികള്‍ക്കും ഇവര്‍ക്ക് കൂട്ടുനില്‍ക്കുന്ന സൗദികള്‍ക്കും എതിരായ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. വിദേശികള്‍ ബിനാമിയായി നടത്തുന്ന സ്ഥാപനങ്ങളാണെന്ന് സ്ഥിരീകരിക്കുന്ന ഏതാനും തെളിവുകള്‍ വനിതാ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്.
ബിനാമി വിരുദ്ധ നിയമം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ വനിതാ സംഘങ്ങളാണ് പരിശോധന നടത്തുന്നത്. റിയാദിലെ വാണിജ്യ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഷോപ്പുകളില്‍ നടത്തിയ പരിശോധനകളില്‍ നിയമ ലംഘനങ്ങള്‍ക്ക് 18 സ്ഥാപനങ്ങള്‍ അടപ്പിച്ചു.
ആകെ 75 ലേഡീസ് ഷോപ്പുകളിലാണ് വനിതാ സംഘങ്ങള്‍ പരിശോധന നടത്തിയത്.
ബിനാമി ബിസിനസുകള്‍ കണ്ടെത്തുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ശക്തമായ പരിശോധനകളാണ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷം നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം കൈമാറിയ ബിനാമി കേസുകളില്‍ 93 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം (1438) 871 ബിനാമി കേസുകളാണ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. 1437 ല്‍ 450 ബിനാമി കേസുകളും 1436 ല്‍ 290 ബിനാമി കേസുകളുമാണ് കണ്ടെത്തിയത്.
കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ് ഫേസ്ബുക്ക്, ട്വിറ്റര്‍ ലൈക്ക് ചെയ്യൂ
ബിനാമി ബിസിനസുകള്‍ നടത്തുന്ന വിദേശികള്‍ക്കും ഇതിന് കൂട്ടുനില്‍ക്കുന്ന സൗദികള്‍ക്കും രണ്ടു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം വിദേശികളെ നാടുകടത്തും. സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും ലൈസന്‍സും റദ്ദാക്കുകയും അതേ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിയമ ലംഘകരായ സൗദി പൗരന്മാര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. നിയമ ലംഘരുടെ പേരുവിവരങ്ങളും അവര്‍ നടത്തിയ നിയമ ലംഘനങ്ങളും അവര്‍ക്കുള്ള ശിക്ഷകളും പ്രാദേശിക പത്രങ്ങളില്‍ പരസ്യപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നുണ്ട്. ബിനാമി ബിസിനസുകളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നിയമ ലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴയുടെ മുപ്പതു ശതമാനം പാരിതോഷികമായി കൈമാറുന്നുണ്ട്.