Sorry, you need to enable JavaScript to visit this website.

ലീഗിൽ നേതൃമാറ്റം നീളും, പ്രവർത്തക സമിതി അടുത്ത മാസം

മലപ്പുറം- മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗം അടുത്ത മാസം ചേരാൻ പാണക്കാട്ട് ചേർന്ന ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. മെമ്പർഷിപ്പ് ക്യാംപയിൻ വഴിയല്ലാതെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കേണ്ടതില്ലെന്നും ഉന്നതാധികാര സമിതിയിൽ തീരുമാനമായി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിലായിരുന്നു യോഗം. നേതൃമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചക്ക് വന്നെങ്കിലും ആദ്യം തെരഞ്ഞെടുപ്പ് അവലോകനത്തിനായി യോഗം ചേരാനായിരുന്നു തീരുമാനം. പുതിയ ഭാരവാഹികളെ മെമ്പർഷിപ്പ് ക്യാംപയിൻ നടത്തിയ ശേഷം തീരുമാനിച്ചാൽ മതിയെന്നും ധാരണയായി. 
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ട് പാർട്ടിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളും അംഗങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പരസ്യമായി അഭിപ്രായപ്രടകനങ്ങൾ നടത്തുന്നത് ഭൂഷണമല്ലെന്ന് മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു.സാമൂഹ്യ മാധ്യമങ്ങളിലും മറ്റു ചില മാധ്യമങ്ങളിലും മുസ്്‌ലിം ലീഗിനെതിരെ വന്ന് കൊണ്ടിരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ശിഹാബ് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. 
മുസ്്‌ലിംലീഗ് നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ഭാവനാ സൃഷ്ടിയുടെ ഭാഗമാണ് ഇത്തരം പ്രചരണങ്ങൾ.നേതാക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാക്കുന്നതിന് ഒരു ശക്തിയെയും അനുവദിക്കില്ല.നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത പരാജയം ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.എന്നാൽ മുസ്്‌ലിം ലീഗ് അതിന്റെ ശക്തി കേന്ദ്രങ്ങളിൽ സാമാന്യം മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.എങ്കിലും ചില ജില്ലകളിൽ പാർട്ടിക്ക് സീറ്റ് നഷ്ടവും ഉണ്ടായിട്ടുണ്ട്.അതിന്റെ കാരണങ്ങൾ ഗൗരവമായി തന്നെ പാർട്ടി വിശകലനം ചെയ്യും.കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്ന മുറക്ക് സംസ്ഥാന പ്രവർത്തക സമിതി യോഗം ചേർന്ന് നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തും.2006-ൽ പാർട്ടി ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്.എന്നാൽ 2011-ൽ പൂർവ്വാധികം ശക്തിയോടെ പാർട്ടി തിരിച്ച് വന്നിട്ടുള്ള ചരിത്രമാണ് മുമ്പിലുള്ളത്.അദ്ദേഹം പറഞ്ഞു. 

Latest News